സജിത്ത്|
Last Modified തിങ്കള്‍, 23 ജനുവരി 2017 (12:56 IST)
ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആധാർ പേ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫിംഗർപ്രിൻറ് തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനമാണിത്. ഉപഭോക്താവിന്റെ ആധാർ നമ്പർ, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കിൽ പണമിടപാട് നടത്തുന്നതിനായി ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.
നിലവിൽ ഉപയോഗത്തിലുള്ള ആധാർ - എനേബ്ൾഡ് പേയ്മെന്റ് സിസ്റ്റത്തിന്റെ വ്യാവസായിക പതിപ്പാണ് ‘ആധാർ പേ’. പാസ്‌വേഡും പിൻ നമ്പറും ആവശ്യമുള്ള, നിലവിൽ പ്രചാരത്തിലുള്ള തരത്തിലുള്ള എല്ലാവിധ ഓൺലൈൻ, കാർഡ് പണമിടപാടുകൾക്കും ബദലായി ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. വ്യാപാരികൾക്ക് ആധാർ പേ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്നതാണ്.
ആധാർ പേ പണമിടപാടുകള്‍ നടത്തുന്നതിനായി ഫിംഗർപ്രിൻറ് രേഖപ്പെടുത്തുന്നതിനായുള്ള ബയോമെട്രിക് ഉപകരണത്തിന് എകദേശം 2,000 രൂപയാണ് നിലവിൽ വിപണിയിലുള്ള വില. കുറഞ്ഞ ചെലവിലുള്ള ഇത്തരം ഉപകരണങ്ങള്‍ നിർമിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് വിവരം. രാജ്യത്തെ പല ബാങ്കുകളും ആധാർ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള ആപ്പുകൾ വികസിപ്പിച്ച് കഴിഞ്ഞു.