അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (16:37 IST)
ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
2029 ഓട് കൂടി രാജ്യത്തെ നിയമസഭ, പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരെഞ്ഞെടുപ്പ് നടത്തിയ ശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരെഞ്ഞെടുപ്പ് നടത്താനാണ് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.
പാര്‍ലമെന്റ്, നിയമസഭ തെരെഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ ആവശ്യമില്ലെന്നാണ് പാര്‍ലമെന്റ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം തദ്ദേശ തിരെഞ്ഞെടുപ്പ് സംസ്ഥാന വിഷയമായതിനാല്‍ വിഷയം അംഗീകരിക്കാന്‍ കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.
ഭേദഗതികളും പുതിയ ഉള്‍പ്പെടുത്തലുകളും അടക്കം 18 മാറ്റങ്ങളാണ് ഇതിനായി വേണ്ടത്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരെഞ്ഞെടുപ്പ് നടത്തണമെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.