ബി‌എസ്‌എഫിലെ പാക് ചാരനെ നിര്‍ണായക രേഖകളുമായി പിടികൂടി

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (11:41 IST)
രാജ്യസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന നിര്‍ണായക വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ‌എസ്‌ഐക്ക് കൈമാറിയ ബി‌എസ്‌എഫ് ജവാനെ പിടികൂടി. ഇയാള്‍ക്കും പാകിസ്ഥാനും ഇടനിലനിന്ന പാക് ഏജന്റും അറസ്റ്റിലായിട്ടുണ്ട്. ജമ്മു കശ്മീരിലെ രജോറി ജില്ലയിൽ ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോൺസ്റ്റബിളാണ് പിടിയിലായത്

അബ്ദുള്‍ റഷീദ് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാൾ രേഖകൾ എത്തിച്ചു കൊടുത്ത ഐഎസ്ഐ ഏജന്റ് കഫൈയ്ത്തുല്ല ഖാനുമാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികൾക്കായി പൊലീസ് ഡൽഹിയിലും കശ്മീരിലും വ്യാപക റെയ്ഡുകൾ തുടങ്ങി. ജമ്മു റയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഭോപ്പാലിലേക്കു പോകാനാണ് ഇവർ റയിൽവേ സ്റ്റേഷനിലെത്തിയത്.

ഇവരില്‍ നിന്ന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിൽ ആറിടത്തായി റെയ്ഡ് നടക്കുകയാണ്. ഇതേസമയം, കൊൽക്കത്ത പൊലീസ്, നഗരത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് ഐഎസ്ഐ ബന്ധം സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു.

ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് എന്ന കപ്പൽ നിർമാണ ശാലയിലെ കരാർ പണിക്കാരായ ഇർഷാദ് അൻസാരി(51), മകൻ അസ്ഫാഖ് അൻസാരി(23), ഇവരുടെ ബന്ധു മുഹമ്മദ് ജഹാംഗീർ എന്നിവരാണ് കൊല്‍ക്കത്തയില്‍ പിടിയിലായത്.

ഇവരിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടും ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു. പുറമേ, ഐഎസ്ഐ ബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകളും ലഭിച്ചെന്നു പൊലീസ് അറിയിച്ചു. അവർ കഴിഞ്ഞ 10 വർഷമായി പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ പലവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ ഐഎസ്ഐയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :