ലക്‌നൗ|
priyanka|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (14:49 IST)
കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന്
ചികിത്സ വൈകി പത്തുമാസം പ്രായമായ കുഞ്ഞു മരിച്ചു. ഉത്തര്‍ പ്രദേശിലെ ബഹ്‌റെയ്ക്കിലെ ആശുപത്രിയിലെ ആശുപത്രിയിലാണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചത്. കടുത്ത പനിയുമായി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുത്തിവയ്‌പ്പെടുക്കാന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് മാതാവ് സുമതി ദത്ത് പറഞ്ഞു. ബഹ്‌റെയ്ക്കിനു സമീപത്തെ ഗ്രാമത്തില്‍ ജീവിക്കുന്ന സുമിത ശിവ ദത്ത് ദമ്പതികളുടെ പത്ത് മാസം മാത്രം പ്രായമുള്ള മകന്‍ കൃഷ്ണയാണ് മരിച്ചത്.
ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൈക്കൂലി ചോദിച്ചെന്ന് പേരില്‍ ഒരാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മറ്റൊരാളെ സ്ഥലം മാറ്റിയെന്നും ആശുപത്രിയധികൃതര്‍ അറിയിച്ചു. കുഞ്ഞിന് കടുത്ത പനിയും ക്ഷീണവും മൂലം മഗരത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെത്തിച്ചിരുന്നു. കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ രേഖകള്‍ പെട്ടെന്ന് ശരിയാക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നഴ്‌സ് ആവശ്യപ്പെട്ടു. പിന്നീട് ഇവര്‍ക്ക് അനുവദിച്ച കിടക്കയില്‍ കുഞ്ഞിനെ കിടത്തണമെങ്കില്‍ പണം വേണമെന്ന് വാര്‍ഡിലെ തൂപ്പുകാരിയും പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയെത്തിയ മെഡിക്കല്‍ അസിസ്റ്റന്റ് പ്രധാനപ്പെട്ട കുത്തിവയ്പ്പ് എടുക്കണമെങ്കില്‍ കൈക്കൂലി തരണമെന്ന് പറഞ്ഞു. പണം തരാമെന്നും കുഞ്ഞിനെ രക്ഷിക്കണമെന്നും മാതാവ് ഇയാളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ കുത്തിവയ്പ് എടുക്കുന്നത് അകാരണമായി വൈകിപ്പിച്ചു. പിന്നീട് കുത്തിവയ്‌പ്പെടുത്തെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാത്രമാണ് കൈക്കൂലി ചോദിക്കാതിരുന്നതെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്.