പ്രണയനൈരാശ്യം; യുവതിയുടെ കല്യാണത്തിനെത്തി വാട്സപ്പ് ചാറ്റുകൾ പ്രദർശിപ്പിച്ച് യുവാവ്

തമിഴ്നാട്ടിൽ ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു സംഭവം.

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (13:53 IST)
പ്രണയബന്ധങ്ങൾ ചിലപ്പോഴൊക്കെ വല്ലാതെ സങ്കീർണ്ണമാകാറുണ്ട്. പലപ്പോഴും ഒരാൾ ആ ബന്ധം തുടരാൻ ആഗ്രഹിക്കാതിരിക്കുമ്പോഴോ ബന്ധത്തിൽ മടുപ്പുണ്ടാവുമ്പോഴോ ആണ് പ്രശ്നങ്ങൾ തലപൊക്കുക. പരസ്പര സമ്മതത്തോടെയുള്ള പിരിയൽ ആരോഗ്യകരമാണെങ്കിലും ഒരാളുടെ ഇഷ്ടക്കേടിന്റെ പേരിൽ തകരുന്ന പ്രണയബന്ധങ്ങളിൽ നിന്നാണ് പലപ്പോഴും ‘ഗോവിന്ദു’മാർ ജനിക്കുന്നത്. ഇനിയും പ്രതിവിധി കണ്ടെത്താനാവാത്ത ഒരു ശീലമാണത്. മറ്റൊരാളുടെ തീരുമാനത്തെ അംഗീകരിക്കാൻ കഴിയാതെ പ്രതികാരം ചെയ്യുന്ന കാമുകീകാമുകന്മാരുടെ പട്ടികയിലാണ് അനിക് എന്ന യുവാവ് ഇടം പിടിച്ചിരിക്കുന്നത്. ‘ദി യൂത്ത്’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിൽ ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു സംഭവം. എന്നൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു അനിക്. രണ്ട് മാസങ്ങൾക്കു മുൻപ് അനികിനെ ബ്രേക്കപ്പ് ചെയ്യാമെന്ന് സാമിയ തീരുമാനിച്ചു. അനിക് പ്രണയബന്ധത്തെ ഗൗരവമായി കാണുന്നില്ലെന്ന് കണ്ടെത്തിയാണ് സാമിയ ബന്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. എട്ടു മാസങ്ങൾ നീണ്ട പ്രണയം നിർത്തരുതെന്ന് അനിക് ഒരുപാട് തവണ പറഞ്ഞുവെങ്കിലും സാമിയ വഴങ്ങിയില്ല.

താൻ ചതിക്കപ്പെട്ടുവെന്ന് അനികിനു തോന്നി. കുറച്ചു നാളുകൾക്ക് ശേഷം കാനഡയിൽ ജോലിയുള്ള പണക്കാരനായ ഒരാൾക്ക് സാമിയയെ വിവാഹം ചെയ്തു കൊടുക്കാൻ അവളുടെ അച്ഛൻ ഒരുങ്ങുകയാണെന്ന് അനിക് മനസ്സിലാക്കി. പണക്കാരനായ ആളെ വിവാഹം കഴിക്കാനുള്ള അടവായിരുന്നു ബ്രേക്കപ്പെന്ന് സംശയം തോന്നിയ അനിക് സാമിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

സാമിയയുടെ വിവാഹത്തിനെത്തിയ അനിക് ഭക്ഷണം കഴിക്കുകയും സാമിയയും ഭർത്താവുമായി സെൽഫിയെടുക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിനു ശേഷമാണ് അനിക് ആ ഒരു കടും കൈ ചെയ്തത്. രണ്ട് മാസങ്ങൾക്ക് മുൻപ് താനുമായി ബ്രേക്കപ്പ് ചെയ്ത സാമിയയുടെ വിവാഹത്തിനെത്തിയ അനിക് പ്രണയത്തിലായിരുന്ന സമയത്ത് തങ്ങൾ ഇരുവരും നടത്തിയിരുന്ന വാട്സപ്പ് ചാറ്റുകൾ വിവാഹത്തിൽ സംബന്ധിക്കാനെത്തിയ എല്ലാവരെയും കാണിച്ചു. ചാറ്റ് പ്രിൻ്റ് ചെയ്ത കോപ്പിയാണ് എല്ലാവർക്കും വിതരണം ചെയ്തത്. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ വിതരണം ചെയ്തതിനു ശേഷം അനിക് സ്ഥലം വിടുകയും ചെയ്തു.അനിക് ഇത്രയൊക്കെ ചെയ്തെങ്കിലും വിവാഹത്തിന് പ്രശ്നമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :