Last Modified വെള്ളി, 19 ജൂലൈ 2019 (15:42 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഷൈലോക്ക്’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ കൊമേഴ്സ്യല്‍ വിജയങ്ങളിലൊന്നായ ‘രാജമാണിക്യ’ത്തിന്‍റെ അതേ സ്റ്റൈലില്‍ ഒരുങ്ങുന്ന സിനിമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം.
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ മാനറില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം രാജമാണിക്യം 2 ആയിരിക്കുമെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രൊജക്ട് ചിന്തയിലുണ്ടായിരുന്നെങ്കിലും അത് വര്‍ക്കൌട്ടായില്ല. എന്നാല്‍ ആ സിനിമയുടെ അതേ ഫ്ലേവറില്‍ മറ്റൊരു പ്രൊജക്ടെന്ന ആലോചനയാണ് ഒടുവില്‍ ഷൈലോക്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഈ വര്‍ഷം ക്രിസ്മസ് റിലീസായി ഷൈലോക്ക് പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. ഡാര്‍ക്ക് ഷേഡുകളുണ്ടെങ്കിലും രസിപ്പിക്കുന്ന നായകനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നേരത്തേ ‘പരുന്ത്’ എന്ന ചിത്രത്തില്‍ സമാനമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.
തമിഴിലും മലയാളത്തിലുമായി പ്രദര്‍ശനത്തിനെത്തുന്ന ഷൈലോക്കില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ തമിഴ് നടന്‍ രാജ്കിരണ്‍ അവതരിപ്പിക്കുന്നു. മീനയാണ് നായിക. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഷൈലോക്കിന്‍റെ ചിത്രീകരണം ഓഗസ്റ്റ് ഏഴാം തീയതി ആരംഭിക്കും.