ബ്രഹ്മപുത്രയ്ക്കു കുറകെ ചൈനീസ് അണക്കെട്ട്, പ്രളയ ഭീതിയില്‍ ഇന്ത്യ

ബ്രഹ്മപുത്ര, അണക്കെട്ട്, ഇന്ത്യ, ചൈന
ബയ്ജിങ്| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (12:07 IST)
ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ നദിക്കു കുറുക്ര് അണക്കെട്ട് നിര്‍മ്മിച്ചു. ഇതോടെ ഇന്ത്യയും ബംഗ്ലാദേശുമുള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ മിന്നല്‍ പ്രളയത്തിന്റെയും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെയും നിഴലിലായി.

ഇന്ത്യയേക്കാള്‍ ഉയര്‍ന്ന പ്രദേശമായ ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ തുടക്കം മുതല്‍ക്കെ എതിര്‍ത്തിരുന്നു. എന്നാല്‍ വൈദ്യുതാവശ്യങ്ങള്‍ക്കായുള്ള ചെറിയ അണക്കെട്ടാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് ചൈന ഇന്ത്യയെ അറിയിച്ചത്. അതോടെ ഇന്ത്യ എതിര്‍പ്പിന്റെ മൂര്‍ച്ച കുറച്ചിരുന്നു. ഇത് മുതലാക്കിയാണ് ചൈന അണക്കെട്ട് നിര്‍മ്മിച്ചത്.

ഞായറാഴ്ചയോടെ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച വിവരം ചൈന പരസ്യപ്പെടുത്തുകയായിരുന്നു. ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലിയിലൂടെ പുറത്തുവന്ന അണക്കെട്ടിന്റെ ചിത്രം കണ്ടപ്പോഴാണ് ചൈന നിര്‍മ്മിച്ചത് വലിയ അണക്കെട്ടാണ് എന്ന് ഇന്ത്യയ്ക്ക് മനസിലായത്.

1.5 ബില്ല്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3,300 അടി ഉയരത്തിലാണ് ഈ ബൃഹത് ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഇനിയും പൂര്‍ത്തിയാകാത്ത ബാക്കി അഞ്ചു ഘട്ടങ്ങള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ചൈന അറിയിച്ചു.

താരതമ്യേന വ്യവസായങ്ങള്‍ കുറഞ്ഞ ടിബറ്റില്‍ വൈദ്യുതാവശ്യങ്ങളുടെ പേരില്‍ ബൃഹത് പദ്ധതികളിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ചൈനീസ് നടപടി വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചിട്ടുണ്ട്.
അരുണാചല്‍ പ്രദേശുള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജലമൊഴുക്കിനെ ഇതു ബാധിക്കുമെന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും ഇന്ത്യയില്‍ മിന്നല്‍ പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്കിതു വഴിവച്ചേക്കാമെന്നും രാജ്യം ആശങ്കപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :