വിമര്‍ശിച്ചവര്‍ അറിഞ്ഞില്ല ക്യാമറയ്ക്ക് പിന്നിലെ അജിത്തിന്റെ പ്രവര്‍ത്തികള്‍; ഭാര്യയുടെ ശവശരീരം ചുമന്നുള്ള മാഞ്ചിയുടെ യാത്ര അവസാനിച്ചത് ഇങ്ങനെ

ചെയ്ത നന്മയ്ക്ക് മാധ്യമ പ്രവര്‍ത്തകന്‍ അജിത്തിന് ലഭിച്ചത് വിമര്‍ശനങ്ങള്‍ മാത്രം; ഭാര്യയുടെ ശവശരീരം ചുമന്നുള്ള മജ്ഹിയുടെ യാത്രയ്ക്ക് അവസാനമായതിങ്ങനെ

ഒഡീഷ| priyanka| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (12:18 IST)
നന്മ ചെയ്തിട്ടും സമൂഹത്തില്‍ നിന്നും വിമര്‍ശനശരം ഏല്‍ക്കേണ്ടി വന്നതിന്റെ വേദനയിലാണ് മാധ്യമ പ്രവര്‍ത്തകനായ അജിത്ത് സിങ്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ സാധിക്കുന്ന പ്രവൃത്തിയായിരുന്നു അജിത് സിങ് ചെയ്തത്. ഒഡീഷയിലെ കളഹന്തിയില്‍, ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാഞ്ഞ ഭര്‍ത്താവ് ധനാ മാഞ്ചി തോളില്‍ മതദേഹവുമായി കിലോമീറ്ററുകളോളം നടന്ന സംഭവം ചിത്രീകരിച്ചതിനായിരുന്നു 'ഒടിവി'യുടെ ഭവാനിപുത്ര റിപ്പോര്‍ട്ടറെ സമൂഹം വിമര്‍ശനങ്ങളുടെ കല്ലെറിഞ്ഞത്.

ധനാ മാഞ്ചിയ്ക്ക് സഹായം നല്‍കാതെ ദൃശ്യങ്ങള്‍ ദീര്‍ഘനേരം പകര്‍ത്തിയതിനായിരുന്നു അജിത്തിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയതിനൊപ്പം ബന്ധപ്പെട്ടവരെ അജിത് വിവരം അറിയിച്ചിരുന്നു എന്ന യാഥാര്‍ഥ്യം വിമര്‍ശനം ഉന്നയിച്ചവര്‍ അറിഞ്ഞിരുന്നില്ല. അജിത്ത്് വിളിച്ചറിയിച്ചതനുസരിച്ചായിരുന്നു ആംബുലന്‍സ് എത്തിച്ചേര്‍ന്നതും ദനാ മാഞ്ചിക്ക് തന്റെ ഗ്രാമത്തിലേക്ക് ഭാര്യയുടെ ശവശരീരം എത്തിക്കാനും സാധിച്ചത്.

കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ലെന്ന് അജിത് പറയുന്നു. രാവിലെ വാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ ബൈക്കില്‍ സ്ഥലത്തെത്തിയ റിപ്പോര്‍ട്ടര്‍ രണ്ട് മണിക്കൂറോളം നിര്‍ത്താതെ നടന്ന അച്ഛനെയും മകളേയും ആശ്വസിപ്പിക്കുക കൂടി ചെയ്തു. പിന്നീട് കളക്ടറെ വിളിച്ചപ്പോള്‍ സിഡിഎംഒയെ വിളിച്ച് ഒരു വാഹനം ഒരുക്കിത്തരാമെന്ന് പറയുകയായിരുന്നു. എന്നാല്‍ സിഡിഎംഒയുമായി ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി അജിത്തിന് മനസിലാവുകയായിരുന്നു.

തന്റെ ഫോണ്‍ പരിധിക്ക് പുറത്തായതിനാല്‍ ഒരു കോളും വന്നില്ല എന്നാണ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. എന്നാല്‍ എഡിഎംഒയെ വിളിച്ച് വേണ്ടത് ചെയ്യാമെന്ന് അജിത്തിന് ഉറപ്പ് ലഭിക്കുകയും ചെയ്തു. പക്ഷെ ആംബുലന്‍സിനായി വീണ്ടും ഒരുപാട് കാത്തുനില്‍ക്കേണ്ടി വന്നു.
അതിനിടയില്‍ ലാഞ്ജിഗാര്‍ഗ് എംഎല്‍എയുടെ പ്രതിനിധിയും സ്ഥലത്തത്തി. ആംബുലന്‍സിനായുള്ള കാത്തിരിപ്പ് അവസാനമില്ലാതെ തുടര്‍ന്നു

'ബാലാജി മഹീന്ദ്ര സുരക്ഷായ സമിതി' എന്ന സേവന സംഘടനയുടെ ആംബുലന്‍സ് ലഭിക്കാന്‍ അജിത് ശ്രമം നടത്തി. വാഹനം വേഗത്തില്‍ തന്നെ സ്ഥലത്തെത്തി. പ്രമോദ് കുമാര്‍ ഖമാരി എന്ന ബിസിനസുകാരനാണ് ഇന്ധനം നിറക്കാന്‍ ഡ്രൈവര്‍ക്ക് പണം നല്‍കിയത്. മാഞ്ചിയുടെ ജീവിതത്തിലെ ദുരന്തപൂര്‍ണമായ മണിക്കൂറുകള്‍ക്ക് അങ്ങനെ അവസാനമാകുകയായിരുന്നു. എന്നാല്‍, ക്യാമറയ്ക്ക് പിന്നിലുള്ള അജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാതെയാണ് നവ മാധ്യമങ്ങളിലൂടെ പലരും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :