കേരളത്തിൽ സുരേഷ് ഗോപി, ജൂനിയർ എൻടിആറുമായി ചർച്ച, തമിഴിൽ അജിത് കുമാറിനെയും നോട്ടമിട്ട് ബിജെപി

തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനീകാന്തുമായി ചേർന്ന് സഖ്യശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (21:26 IST)
ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി സിനിമാതാരങ്ങൾക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി. അമിത് ഷായുടെ നേതൃത്വത്തിലാണ് ഇതിനുള്ള കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആറുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനീകാന്തുമായി ചേർന്ന് സഖ്യശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

രജനീകാന്തുമായുള്ള നീക്കം പരാജയമായതിനെ തുടർന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ഏറെ
അടുപ്പം പുലർത്തിയിരുന്ന സൂപ്പർ താരം അജിത് കുമാറുമായി സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ പുതിയ നീക്കം. ശിഥിലമായി തീർന്ന അണ്ണാ ഡിഎംകെയെ അജിത്തിൻ്റെ നായകത്വത്തിന് കീഴിൽ പുനരുജ്ജീവിപ്പിക്കാമെന്നും പിന്നിൽ നിന്ന് കൊണ്ട് അണ്ണാഡിഎംകെയിലൂടെ ഭരണത്തിൽ ബിജെപിക്ക് സ്വാധീനം ചെലുത്താമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഡിഎംകെ അടുത്ത തവണയും ഭരണം നിലനിർത്താനാണ് സാധ്യത കൂടുതൽ. ശിഥിലമായ അണ്ണാഡിഎംകെയെ മുൻ നിർത്തി തെരെഞ്ഞെടുപ്പിന് പോകുന്നത് കാര്യമായ നേട്ടമൊന്നും നേടിതരില്ലെന്ന ബോധ്യം ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം മുൻകൈ എടുത്താണ് പുതിയ നീക്കവുമായി മുന്നോട്ട് പോകുന്നത്.

നേരിട്ട് സമീപിക്കാതെ അണ്ണാഡിഎംകെ വഴി കരുക്കൾ നീക്കാനാണ് ബിജെപിയുടെ ശ്രമം. അനുകൂലമായി പ്രതികരിച്ചാൽ അമിത് ഷാ നേരിട്ട് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ദളപതി വിജയ്ക്ക് തുല്യമായ രീതിയിൽ ആരാധക പിന്തുണയുള്ള താരമാണ് അജിത്.
തമിഴ്‌നാട്ടിലെ എംപിമാരിൽ അധികം പേരും അണ്ണാഡിഎംകെയിൽ നിന്നുള്ളവരാണ്. ഇരു ചേരികളിലാണെങ്കിലും കേന്ദ്രത്തിൽ ഇവർ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. അടുത്ത എംപി തിരെഞ്ഞെടുപ്പിൽ ഈ അവസ്ഥയിൽ മാറ്റം വന്നാൽ അത് ബിജെപിയുടെ കണക്കുകൂട്ടലുകളെയാകെ തെറ്റിക്കും. ഈ അവസ്ഥയിലാണ് അണ്ണാഡിഎംകെയെ പുനരുജ്ജീവിപ്പിക്കാൻ ബിജെപി തന്നെ കളത്തിലിറങ്ങുന്നത്.

തെലങ്കാനയിൽ ജൂനിയർ എൻടിആറുമായി ചേർന്ന് അമിത് ഷാ നടത്തിയ ചർച്ച ദക്ഷിണേന്ത്യയെ കൈപ്പിടിയിലൊതുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ കരുതുന്നത്. കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപി അടുത്ത തവണ വിജയിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. നേരത്തെ സിനിമാമേഖലയിൽ നിന്നും ഇളയരാജ,വിജയേന്ദ്ര പ്രസാദ് എന്നിവർക്ക് ബിജെപി എംപി സ്ഥാനം നൽകിയിരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :