അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (17:22 IST)
ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. 2 ഘട്ടങ്ങളിലായാകും വോട്ടെടുപ്പ് നടക്കുക. നവംബര്‍ ആറിനാണ് ആദ്യഘട്ടം. 11ന് രണ്ടാം ഘട്ടവും നടക്കും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.
121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരെഞ്ഞെടുപ്പ്. 122 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. 243 സീറ്റുകളിലേക്കാണ് പോരാട്ടം നടക്കുക. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയില്‍ ബിജെപിയും ജെഡിയുവുമാണ് പ്രധാനപാര്‍ട്ടികള്‍. തേജസ്വി യാദവിന്റെ ആര്‍ജെഡിയാണ് ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷി. കോണ്‍ഗ്രസും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.
ഒരു ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആക്കി പരിമിതമാക്കുകയും വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കളറിലാക്കുകയും ചെയ്തിട്ടുണ്ട്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഇത്തവണ തിരെഞ്ഞെടുപ്പില്‍ വരുത്തിയിട്ടുണ്ട്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം 7.43 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്.