ചെന്നൈ|
jibin|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (12:11 IST)
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന അശ്ലീലഗാനം ആലപിച്ചതിന്റെ പേരില്‍ വിവാദത്തിലായ തമിഴ് യുവതാരം ചിമ്പു പൊലീസില്‍ ഹാജരായി. ഇന്നുതന്നെ താരത്തെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കും. കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ പൊലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിമ്പുവിന്റെയും സംഗീത സംവിധായകൻ അനിരുദ്ധിന്റെയും പേരിൽ കേസെടുത്തു. ഇന്റർനെറ്റിലൂടെ പ്രചരിച്ച വിവാദ ഗാനത്തിന്റെ പേരിൽ പത്തോളം കേസുകളാണു ഇരുവരുടെയും പേരിലുള്ളത്.
അനിരുദ്ധ് എഴുതി, ചിട്ടപ്പെടുത്തി ചിമ്പു പാടിയ ബീപ് സോംഗ് എന്നു പേരുള്ള ഗാനമാണ് വിവാദമായത്. മോശമായ പദം വരുന്ന ഭാഗത്ത് ബീപ് എന്ന ശബ്ദം ഉൾപ്പെടുത്തിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇരുവരും സ്വകാര്യമായി റെക്കോർഡ് ചെയ്ത ഗാനം ആരോ ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയകൾ വഴി വളരെ പെട്ടെന്ന് തന്നെ പാട്ട് വൈറലാകുകയും ഇരുവരും വിവാദത്തില്‍ അകപ്പെടുകയുമായിരുന്നു.
സംഭവം വിവാദമായതോടെ ചിമ്പു ഒളിവില്‍ പോകുകയായിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പാട്ടിനെക്കുറിച്ചുള്ള ആശയം ഉടലെടുത്തതെന്നും അനിരുദ്ധ് ഉത്സാഹം കാണിച്ചതിനെ തുടര്‍ന്ന് പാട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നെന്നാണ് സംഭവത്തില്‍ ചിമ്പുവിന്റെ വിശദീകരണം. അതേസമയം, ശക്തമായ പ്രതിഷേധമാണ് പാട്ടിനെതിരെ തമിഴകത്തുണ്ടായത്.