ചെന്നൈ|
Last Modified വ്യാഴം, 24 ഡിസംബര്‍ 2015 (08:51 IST)
ബീപ് ഗാനവുമായി ബന്ധപ്പെട്ട കേസുകളില്‍ തമിഴ് യുവ സൂപ്പര്‍താരം ചിലമ്പരശനെ(ചിമ്പു എന്ന എസ്ടിആര്‍) പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ചിമ്പുവിനും സംഗീത സംവിധായകന്‍ അനിരുദ്ധിനുമായി വ്യാപകമായ റെയ്ഡാആണ് നടക്കുന്നത്. ചിമ്പുവിന്‍റെ ടി നഗറിലെ വീട്ടിലും റെയ്ഡ് നടത്തി.
എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. ചിമ്പുവിന്‍റെ ഫോണ്‍ നമ്പരുകള്‍ ട്രാക്ക് ചെയ്ത് സൈബര്‍ പൊലീസും സജീവമായി രംഗത്തുണ്ട്. ചിമ്പുവിനെയും അനിരുദ്ധിനെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് നീക്കം.
ചെന്നൈയിലും കോയമ്പത്തൂരിലുമായി 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിമ്പു വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ചിമ്പുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അനിരുദ്ധ് ടൊറന്‍റോയിലാണ് ഉള്ളത്. അനിരുദ്ധ് മടങ്ങിയെത്തുമ്പോള്‍ വലയിലാക്കാമെന്നാണ് പൊലീസ് പദ്ധതിയിടുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിനാണ് ചിമ്പുവിനും അനിരുദ്ധിനുമെതിരെ കേസ്. ബീപ് ഗാനമാകട്ടെ യൂട്യൂബിലൂടെ ലക്ഷങ്ങളാണ് കണ്ടത്. സമൂഹത്തിലെ പ്രമുഖര്‍ ഈ നടപടിയില്‍ ചിമ്പുവിനും അനിരുദ്ധിനുമെതിരെ രംഗത്തെത്തിയിരുന്നു.