ഗൌതം മേനോന്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, സിദ്ദിക്ക് ചിത്രം ഉപേക്ഷിച്ചു!

ഗൌതം മേനോന്‍, ഫഹദ് ഫാസില്‍, സിദ്ദിക്ക്, ചിമ്പു, ദിലീപ്
Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (15:26 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ചിമ്പുവിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് ശേഷം ഫഹദ് ചിത്രം ആരംഭിക്കും. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ മലയാളം പതിപ്പിലാണ് ഫഹദ് നായകനാകുന്നത്. തമിഴ് ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല.

കുറേനാള്‍ മുമ്പ് ഫഹദിനെ ഒരു ചിത്രത്തിലേക്ക് ഗൌതം മേനോന്‍ ആലോചിച്ചതാണ്. അന്നുപക്ഷേ ഫഹദിന് ഡേറ്റിലായിരുന്നു. മാത്രമല്ല, അതൊരു തമിഴ് ചിത്രത്തിനുവേണ്ടിയായിരുന്നു. തമിഴ് ഭാഷയിലുള്ള പരിചയക്കുറവും ആ സിനിമ വേണ്ടെന്നുവയ്ക്കാന്‍ ഫഹദിനെ പ്രേരിപ്പിച്ചു.

എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഫഹദ് ഫാസിലിന്‍റെ സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയം നേരിട്ടു. താരമൂല്യം കുത്തനെ ഇടിഞ്ഞു. ഗൌതം മേനോനെപ്പോലെ ഒരു സംവിധായകന്‍റെ ചിത്രം ഇപ്പോള്‍ വേണ്ടെന്നുവയ്ക്കുന്നത് നല്ല തീരുമാനമാകില്ലെന്ന് ഫഹദിനറിയാം.

അതേസമയം, മറ്റൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സംവിധായകന്‍ സിദ്ദിക്ക് ഫഹദിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചു എന്നതാണ് ആ വാര്‍ത്ത. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന ആ ചിത്രം ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :