തിരുവനന്തപുരം|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (14:18 IST)
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും. കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ട ഉഭയകക്ഷി വേതന കരാര്‍ പരിഷ്കരിക്കുക എന്ന പ്രധാന ആവശ്യം ഉന്നയിച്ചാണു പണിമുടക്ക്. പത്തു ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് ബുധനാഴ്ച പണിമുടക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനു പിറകേ കേന്ദ്ര ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണു ബാങ്ക് യൂണിയനുകളുടെ ഐക്യവേദി പണിമുടക്കിനു ആഹ്വാനം നല്‍കിയിരിക്കുന്നത്.
25 ശതമാനം ശമ്പള വര്‍ധന വേണമെന്ന ആവശ്യത്തില്‍നിന്ന് 23 ശതമാനത്തിലേക്ക് താഴാന്‍ യൂണിയനുകള്‍ തയ്യാറായി. എന്നാല്‍ ബാങ്ക് ഉടമകള്‍ 11 ശതമാനം വര്‍ധന മാത്രമേ വരുത്തുകയുള്ളു എന്നാണു ശഠിച്ചത്. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.