ഇന്നുമുതല്‍ എടിഎമ്മുകള്‍ ഇടപാടുകാരുടെ പോക്കറ്റടിക്കും!!!

എറ്റി‌എം, സര്‍വീസ് ചാര്‍ജ്, റിസര്‍വ് ബാങ്ക്
മുംബൈ| VISHNU.NL| Last Updated: ശനി, 1 നവം‌ബര്‍ 2014 (12:37 IST)
മാസത്തില്‍ അഞ്ചില്‍ കൂടുതല്‍ തവണ ‌എടിഎം സേവനങ്ങള്‍ ഉപയോഗിച്ചാല്‍ 20 രൂപ ഫീസീടാക്കുന്ന രീതി ഇന്നുമുതല്‍ നടപ്പിലാകും. സ്വന്തം ബാങ്കിന്റേതായാലും മറ്റു ബാങ്കുകളുടേതായാലും അഞ്ച് തവണയില്‍ കൂടുതല്‍ എ‌റ്റി‌എം ഉപയോഗിച്ചാല്‍ 20 രൂപ ബാങ്കുകള്‍ അക്കൌണ്ടില്‍ നിന്ന് ഇതുപ്രകാരം പിന്‍‌വലിക്കും. പണമെടുക്കുക മാത്രമല്ല ബാലന്‍സ് ചെക്ക് ചെയ്യുന്നതുപോലും ഇനി മുതല്‍ ഈ സര്‍വീസ് ചാര്‍ജിന്റെ പരിധിയില്‍ വരും.

എന്നാല്‍ കേരളത്തില്‍ തല്‍ക്കാലം നിയന്ത്രണം എത്തിയിട്ടില്ല.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ ആറ് മെട്രോ നഗരങ്ങളില്‍ മാത്രമാണ് തുടക്കത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഈ നഗരങ്ങളൊഴികെ മറ്റ് സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ പഴയ സ്ഥിതി തുടരും. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ശനിയാഴ്ച മുതല്‍ പുതിയ എടിഎം ഇടപാട് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

ബാലന്‍സ് എന്‍ക്വയറി, മിനി സ്റ്റേറ്റ്‌മെന്റ്, പണം പിന്‍‌വലിക്കല്‍ എന്നീ സേവനങ്ങള്‍ ഇനി ബാങ്കുകള്‍ ഇടപാടുകളായാണ് കണക്കാക്കുക. നേരത്തെ മറ്റ് ബാങ്കുകളുടെ എറ്റി‌എമ്മുകള്‍ സൌജന്യമായി ഉപയോഗിക്കുന്നതിനുള്ള എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുഅച്ചിരുന്നു. അതിനു പിന്നാലെയാണ് മെട്രോ നഗരങ്ങളില്‍ പുതിയ നിയന്ത്രണവുമായി റിസര്‍വ് ബാങ്ക് രംഗത്ത് എത്തിയത്.

എടിഎമ്മുകള്‍ പെരുകിയതു മൂലമാണ് ഈ നിയന്ത്രണങ്ങളെന്ന് ഓഗസ്റ്റില്‍ ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ എടിഎമ്മുകളിലെല്ലാം സുരക്ഷയൊരുക്കുന്നതിനും നടത്തിപ്പിനും ബാങ്കുകളുടെ സാമ്പത്തിക ചെലവ് കൂട്ടിയുണ്ട്. ഇതു പരിഹരിക്കാനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഈ പരിധികള്‍ക്കപ്പുറം സൗജന്യ ഇടപാടുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതിന് യാതൊരു തടസ്സവുമില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :