ബംഗളുരുവില്‍ ഭികരാക്രമണം; ഒരാള്‍ മരിച്ചു

ബംഗളൂരു| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (08:09 IST)
ബംഗളുരുവില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. എംജിറോഡിനു സമീപം ചര്‍ച്ച് സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്.തമിഴ്നാട് സ്വദേശിനി ഭവാനി (38) എന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കു ശേഷം കോക്കനട്ട് ഗ്രൂവ് റസ്റ്ററന്റിനു സമീപത്തെ നടപ്പാതയിലാണു വീര്യം കുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബോംബിന്റെ ചീളുകള്‍ പുറത്തും കഴുത്തിലും തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റ ഭവാനി മല്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ ബന്ധു കാര്‍ത്തിക്കിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. സന്ദീപ്, വിനയ് എന്നിവര്‍ക്കും നിസ്സാര പരുക്കേറ്റു. അതേ സമയം ബംഗളൂരുവില്‍ ഉണ്ടായതു ഭീകരാക്രമണമാണെന്നും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
രാജ്നാഥ് സിങ് അറിയിച്ചു.

റസ്റ്ററന്റിനു മുന്നില്‍ പൂച്ചട്ടിക്കു പിന്നിലായി തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ്. ഫൊറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ളോസീവ് ഡിവൈസ്) ഉപയോഗിച്ചാണു സ്ഫോടനം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റാണു ബോംബ് നിര്‍മാണത്തിനുപയോഗിച്ചതെന്നും ടൈമര്‍ വഴിയാണു സ്ഫോടനസമയം ക്രമീകരിച്ചതെന്നുമാണു വിവരം.

റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു പ്രതികളെന്നു സംശയിക്കുന്ന നാലുപേരെ കുറിച്ചു വിവരം ലഭിച്ചതായാണു സൂചന. റസ്റ്ററന്റിന്റെ സെക്യൂരിറ്റി ജീവനക്കാരനെയും സമീപത്തെ പാന്‍ കടയുടമയെയും ചോദ്യം ചെയ്യുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്നു നഗരത്തിലെങ്ങും സുരക്ഷ കര്‍ശനമാക്കി.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഒരുങ്ങവേ നഗരഹൃദയത്തിലെ തിരക്കേറിയ പാതയിലുണ്ടായ സ്ഫോടനം ഭീതിപരത്തിയിട്ടുണ്ട്. ഇവിടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

സംഭവത്തേ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്.
സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട രാജ്നാഥ് സിംഗ് സംസ്ഥാന സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :