ന്യൂഡല്‍ഹി|
PRIYANKA|
Last Modified വെള്ളി, 15 ജൂലൈ 2016 (09:04 IST)
കള്ളപ്പണം കയ്യില്‍ സൂക്ഷിക്കുന്നതു തടയാന്‍ കൂടുതല്‍ ശുപാര്‍ശകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാട്, 15 ലക്ഷത്തിനു മുകളില്‍ കൈവശം സൂക്ഷിക്കല്‍ തുടങ്ങിയവ അനുവദിക്കരുതെന്നാണ് ശുപാര്‍ശ. കള്ളപ്പണം തടയുന്നതിനുള്ള ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചാമത് റിപ്പോര്‍ട്ട് റിട്ട. ജസ്റ്റിസ് എംബി ഷായുടെ നേതൃത്വത്തിലുള്ള പാനല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കണക്കില്‍പ്പെടാത്ത ധാരാളം പണം നോട്ടുകളായി വീടുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളപ്പണം സൂക്ഷിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളും പണമിടപാടു സംബന്ധിച്ച കോടതികളുടെ നിരീക്ഷണങ്ങളും റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണമിടപാട് നിയന്ത്രിക്കണമെന്ന നിഗമനത്തിലേക്കെത്തിയതെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ പണം സൂക്ഷിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും നിയമപരമായി നിയന്ത്രിക്കണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്യുന്നു.
ഏതെങ്കിലും തരത്തില്‍ കൂടുതല്‍ പണം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കമ്മീഷണറുടെ അനുവാദം വാങ്ങണമെന്നും പാനല്‍ ശുപാര്‍ശയില്‍ പറയുന്നു.