അയോധ്യയിൽ രാമക്ഷേത്രമല്ല രാമന്റെ മ്യൂസിയമാണ് നിര്‍മ്മിക്കുക...!

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:02 IST)
വിവാദ ഭൂമിയായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന കേന്ദ്രസര്‍ക്കാര്‍ പിന്‍‌വാങ്ങുന്നതായി സൂചന. പകരം അയോധ്യയിലെ തര്‍ക്ക പ്രദേശത്തില്‍ നിന്ന് മാറി രാമനും രാമായണവുമായി ബന്ധപ്പെട്ട ഹൈടെക് മ്യൂസിയം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര ടൂറിസംവകുപ്പ് മന്ത്രി മഹേഷ് ശർമയാണ് മോഡിസര്‍ക്കാരിന്റെ പദ്ധതി വെളിപ്പെടുത്തിയത്.

ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതീവ പ്രാധാന്യം നൽകി ഈ വർഷം തന്നെ മ്യൂസിയം പണിയാരംഭിക്കാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതി. രാമന്റെ പേരിൽ വിശാലവും സമഗ്രവുമായ മ്യൂസിയമാണ് നിര്‍മ്മിക്കുക. ഡൽഹിയിലെ സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിർമിക്കുക.2017ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മ്യൂസിയം പൂർത്തിയാക്കും. ടൂറിസത്തിന്റെ വളർച്ചയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അല്ലാതെ രാമക്ഷേത്രം പണിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായും അദേഹം അറിയിച്ചു.

അതേസമയം തർക്ക പ്രദേശത്തിന് പുറത്തായിരിക്കും മ്യൂസിയം നിർമിക്കുക. രാമനും രാമായണവുമായി ബന്ധപ്പെട്ടുള്ള സാംസ്കാരിക നഗരനിര്‍മ്മാണമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മനസിലുള്ളത്. അതേസമയം ഉത്തര്‍പ്രദേശ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വിട്ടുവീശ്ചയില്ല എന്ന് തീവ്ര ഹിന്ദു വിഭാഗങ്ങളെ കാണിക്കുന്നതിനായാണ് മ്യൂസിയം എന്ന പദ്ധതി മോഡി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുവന്നതെന്ന സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :