അഭിറാം മനോഹർ|
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (16:55 IST)
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി പദം രാജിവെയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. താൻ എവിടെയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്‌ലോത് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടാൽ മുഖ്യമന്ത്രി പദം എതിരാളിയായ് സച്ചിൻ പൈലറ്റിന് കൈമാറേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഗെഹ്‌ലോത് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് നാമനിർദേശം സമർപ്പിക്കേണ്ടിവന്നാലും മുഖ്യമന്ത്രി പദം കൈവിടില്ലെന്ന് ഗെഹ്‌ലോത് എംഎൽഎമാർക്ക് ഉറപ്പുനൽകിയെന്നാണ് വിവരം. സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി പദവി നൽകാൻ വൈമുഖ്യമുള്ളതിനാൽ അധ്യക്ഷനായാലും തന്നെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ തന്നെ അനുവദിക്കണമെന്ന ഉപാധിയാണ് ഗെഹ്‌ലോത് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇതിനിടെ രാഹുല്‍ ഗാന്ധിയെ തന്നെ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിക്കാനും ഗെഹ്‌ലോട്ട് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇത് സംബന്ധിച്ച് ഗെഹ്‌ലോത് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലുമായി കൂടിക്കാഴ്ചയ്ക്കായി ഗെഹ്‌ലോത് ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും.രാഹുല്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പാര്‍ട്ടി പറയുന്ന പോലെ താന്‍ ചെയ്യുമെന്നും ഗഹ്‌ലോത് എംഎല്‍എമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.