Last Modified തിങ്കള്‍, 18 മെയ് 2015 (11:36 IST)
ബലാത്സംഗത്തിന് ഇരയായതുമുതല്‍ 42 വര്‍ഷമായി ചലനശേഷിയില്ലാത്ത അബോധാവസ്ഥയിലായിരുന്ന അരുണ ഷാന്‍ബാഗ്(65) അന്തരിച്ചു. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 8:30 നാണ് മരണം സംഭവിച്ചത്. അരുണ ഷാന്‍ബാഗിന്റെ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുണയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കര്‍ണാടകയിലെ ഹല്‍ദിപൂരില്‍ നഴ്‌സായിരുന്ന അരുണ ഷാന്‍ബൗഗ് 1973 നവംബര്‍ 27നാണ് തൂപ്പുകാരനായ സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകിയാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടതിന് ശേഷമാണ് അരുണയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതിന്റെ ഫലമായി തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് അബോധാവസ്ഥയിലായ അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.
അരുണയുടെ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ എഴുത്തുകാരി പിങ്കി വിറാനി പുസ്തകം പുറത്തിറക്കിയിരുന്നു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍
2011 മാര്‍ച്ച് ഏഴിന് കോടതി അത് നിരസിച്ചു. അതേസമയം മരുന്നുകള്‍ ക്രമേണ കുറച്ച് രോഗിയെ ശാന്തമായി മരിക്കുന്നതിനുള്ള രീതി (പാസീവ് യൂത്തനേഷ്യ) അവലംബിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.