ധനക്കമ്മി നിയന്ത്രണത്തില്‍ മുഖ്യ പരിഗണന

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 27 മെയ് 2014 (13:27 IST)
രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രിക്കുന്നതിലായിരിക്കും മുഖ്യപരിഗണനയെന്ന് പുതിയ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ധനമന്ത്രാലയ ഓഫീസില്‍ ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. രാജ്യം സാമ്പത്തികമായി ഏറെ വെല്ലുവിളി നേരിടുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഏകീകരണത്തിനും പണപ്പെരുപ്പ നിയന്ത്രണത്തിനുമായിരിക്കും ധനമന്ത്രിയെന്ന നിലയില്‍ താന്‍ മുന്‍ഗണന നല്‍കുകയെന്നും വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സംതുലിതാവസ്ഥ പാലിക്കുകയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍തൂക്കം നല്‍കും. എന്നാല്‍ വളര്‍ച്ച തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ പുതിയ ബജറ്റും ജെയ്റ്റ്‌ലി അവതരിപ്പിച്ചേക്കും.

ധനകാര്യത്തിനു പുറമേ പ്രതിരോധവകുപ്പിന്റെയും കമ്പനികാര്യ വകുപ്പിന്റെയും അധിക ചുമതലകള്‍ കൂടി ജെയ്റ്റ്‌ലിയാണ് കൈകാര്യം ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :