ന്യൂഡൽഹി|
jibin|
Last Updated:
വെള്ളി, 9 ജൂണ്‍ 2017 (20:04 IST)
കശാപ്പിനായുള്ള കാലിവില്പ്പനയില് നിയന്ത്രണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അലങ്കാര മത്സ്യവളർത്തൽ, പ്രദര്‍ശനം, വിപണനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി.
158 ഇനം മത്സ്യങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് തുടങ്ങിയവ നിരോധനത്തിന്റെ പട്ടികയില്‍ വരുന്നുണ്ട്.
ഇത്തരത്തിലുള്ള മീനുകളെ പിടിക്കാനോ, ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാനോ പാടില്ല. മീനുകളെ പ്രദര്‍ശന മേളകളില്‍ പോലും കൊണ്ടുവരാന്‍ പാടില്ലെന്നും അത് കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു.
മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം, വീടുകളിൽ അക്വേറിയങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നു സർക്കാർ ഉത്തരവിൽ പറയുന്നില്ലെങ്കിലും സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നിയമപ്രകാരം പ്രദർശനത്തിനായി അക്വേറിയങ്ങൾ സ്ഥാപിക്കാൻ പാടില്ല. അലങ്കാരമത്സ്യങ്ങളെ വിൽക്കുന്ന കടകളിൽ മറ്റു ജീവജാലങ്ങളെ വിൽക്കാൻ പാടില്ല. അക്വേറിയങ്ങൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ വെറ്റിറനറി ഡോക്ടർമാരെയും സഹായിയെയും നിയമിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.