‘ഞാന്‍ അമിത് ഷാ, ബംഗാളിലെത്തിയത് തൃണമൂലിനെ വേരോടെ പിഴുതെറിയാന്‍‘

കൊല്‍ക്കത്ത| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (16:14 IST)
കൊല്‍ക്കത്തയുടെ മുഖ്യമന്ത്രിക്ക് ബിജെപിക്കാരെ അത്ര പഥ്യമല്ല. കാരനം സിപി‌എമ്മിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതുപോലെ തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അണികളും ഇപ്പോള്‍ ബിജെപിയിലേക്ക് നോട്ടമിട്ടതാണ് മമതയെ ചൊടിപ്പിക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ തന്നെ മാളത്തില്‍ കയറി വെടിപൊട്ടിച്ചാലൊ, അതുതന്നെ സംഭവിച്ചിരിക്കുന്നു.

ദീദി, താങ്കള്‍ക്കു കേള്‍ക്കാനും കാണാനും കഴിയുമെങ്കില്‍ ശ്രദ്ധിക്കുക, ഞാന്‍ അമിത് ഷായാണ്. ബിജെപിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍. ഞാന്‍ ബംഗാളിലെത്തിയത് അഴിമതിയില്‍ മുങ്ങിക്കുളിച്ച തൃണമൂല്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയാനാണ്, അമിത് ഷാ പറഞ്ഞ് തുടങ്ങിയതിങ്ങനെയാണ്.

കൊല്‍ക്കത്തയിലെ റാലിയെ അഭിസംബോധന ചെയ്യവേയാണ് അമിത്ഷാ മമതയെ വാകുകള്‍ കൊണ്ട് ആക്രമിച്ചത്. 2016ല്‍ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് വിജയിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയത്. വാക്കുകള്‍ കൊണ്ട് മമതയെ ആക്രമിക്കുന്നതിനിടെ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് മുഴങ്ങിയപ്പോള്‍ അമിത് ഷാ നിശബ്ദനായത് കൌതുകമുണര്‍ത്തി.

പ്രദേശത്തെ മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനായാണ് ഈ പൊടിക്കൈകളെന്ന് കരുതുന്നവരുമുണ്ട്. തുടര്‍ന്ന് ബാങ്ക് വിളി അവസാനിച്ച ശേഷം ഷാ വീണ്ടും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. സ്ഥാനത്ത് 27 ശതമാനമുള്ള മുസ്ലിംകളെ ഉപയോഗിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. അടുത്തിടെ ബുര്‍ധ്വാനിലുണ്ടായ സ്ഫോടന കേസിന്റെ അന്വേഷണത്തില്‍ പലവുരു മമതാ ബാനര്‍ജി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുകയാണ് മമത ചെയ്യുന്നത്, അമിത് ഷാ വ്യക്തമാക്കി.

ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പണം ബുര്‍ധ്വാന്‍ സ്ഫോടനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) മമത അനുവദിക്കുന്നില്ല.
കോടതി ഉത്തരവിലാണ് അമിത് ഷാ ഇന്നലെ റാലി നടത്തിയത്. കൊല്‍ക്കത്തയിലെ വിക്ടോറിയ ഹൌസില്‍ റാലി നടത്താന്‍ സംസ്ഥാന പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ബിജെപി കോടതിയെ സമീപിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :