ഹിന്ദി അറിയാത്തവർക്ക് ജോലി വേണ്ട, പരീക്ഷാ ചോദ്യങ്ങൾ ഹിന്ദിയിൽ മാത്രമാക്കണം: ശുപാർശയുമായി അമിത് ഷായുടെ സമിതി

ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്തവരിൽ നിന്നും വിശദീകരണം തേടണം. ആവശ്യത്തിന് മാത്രം ഇംഗ്ലീഷ് ഓഫീസുകളിൽ ഉപയോഗിക്കാം. കാലക്രമേണ ഇത് ഹിന്ദിയിലാക്കണം.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:06 IST)
തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന് ഔദ്യോഗികഭാഷാ പാർലമെൻ്ററികാര്യസമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി.

കേന്ദ്ര സർവകലാശാലകൾ,സ്കൂളുകൾ,മന്ത്രാലയങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആശയവിനിമയവും നടപടിക്രമങ്ങളുമെല്ലാം പൂർണ്ണമായും ഹിന്ദിയിലാക്കണമെന്നാണ് സമിതിയുടെ ആവശ്യം. കേന്ദ്ര സർക്കാർ ജോലികളിൽ ഹിന്ദി പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകണം.

ഓഫീസുകളിൽ ഹിന്ദിഭാഷ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക ആനുകൂല്യം നൽകണം. ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്തവരിൽ നിന്നും വിശദീകരണം തേടണം. ആവശ്യത്തിന് മാത്രം ഇംഗ്ലീഷ് ഓഫീസുകളിൽ ഉപയോഗിക്കാം. കാലക്രമേണ ഇത് ഹിന്ദിയിലാക്കണം. ഹിന്ദി സംസാരഭാഷയായുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതി,കീഴ്കോടതി നടപടികൾ ഹിന്ദിയിലാക്കണം. സർക്കാർ പരസ്യങ്ങളുടെ 50 ശതമാനത്തിലധികം ഹിന്ദിയിൽ പ്രസിദ്ധീകരിക്കണം. വിദേശത്തെ ഇന്ത്യൻ എംബസികളിൽ നടപടിക്രമങ്ങൾ ഹിന്ദിയിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :