കൊടകര സംഭവത്തിൽ പ്രധാനമന്ത്രിക്ക് അതൃപ്‌തി, വിവരങ്ങൾ ശേഖരിച്ച് അമിത് ഷാ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (12:46 IST)
കൊടകര കുഴൽപ്പണ കേസ് അടക്കമുള്ള വിവാദങ്ങളിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്‌തി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി പഠിച്ച മൂന്ന് പേരുടെ റിപ്പോർട്ടുകളും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ പാളിച്ചകളടക്കം വിശദീകരിക്കുന്നെണ്ടെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിർദേശ പ്രകാരം ഇ.ശ്രീധരൻ, സിവി ആനന്ദബോസ്, തോമസ് ജേക്കബ് എന്നിവരാണ് റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയത്. ദേശീയതലത്തിലടക്കം കേരളത്തിലെ വിവാദങ്ങൾ ചർച്ചയാകുന്നതിൽ കടുത്ത അതൃപ്‌തിയാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ഇത്രയും പണം എങ്ങനെ കേരളത്തിലേക്ക് ഒഴുകി എങ്ങനെ ഇതെല്ലാം കൈകാര്യം ചെയ്തു എന്ന‌തെല്ലാം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാണ്.

സംസ്ഥാനത്തെ ചില സീറ്റുകളിൽ പാർട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാൻ ശ്രമിക്കുന്നതിന് പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് ജനശ്രദ്ധ നേടിയതെന്ന് കേന്ദ്രത്തിന് സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ചില സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും ആശയക്കുഴപ്പവും പാർട്ടിക്ക് തിരിച്ചടിയായി. ഇ ശ്രീധരനടക്കമുള്ളവർക്ക് പാർട്ടിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വലിയ രീതിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയപ്പോൾ പലർക്കും ആ ഫണ്ട് എത്തിയില്ലെന്ന പരാതിയും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :