VISHNU N L|
Last Updated:
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:45 IST)
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്രം നിര്‍മ്മിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ആദ്യ പട്ടികയില്‍ നിന്ന് കേരളം പുറത്ത്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് എയിംസ് നല്‍കുമെന്ന വാഗ്ദാനം നിലനില്‍ക്കേയാണ് പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയിരിക്കുന്നത്.
എന്നാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ എയിംസ് സ്ഥാപിക്കുക. മഹാരാഷ്ട്രയിലെ നാഗ്പൂർ, ആന്ധ്രാപ്രദേശിലെ മംഗളഗിരി, ബംഗാളിലെ കല്യാണി എന്നിവിടങ്ങളിൽ എയിംസ് സ്ഥാപിക്കാനുള്ള 4949 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
അതേസമയം കേരളത്തിൽ എയിംസ് അനുവദിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ വീണ്ടും സമ്മർദം ചെലുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. ഘട്ടംഘട്ടമായി എയിംസ് അനുവദിക്കുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നതെന്നും അടുത്തഘട്ടത്തിൽ കിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളജ് പരിസരം, കൊച്ചി എച്ച്എംടി ക്യാംപസ്, കോഴിക്കോട് കിനാലൂർ എന്നിവിടങ്ങളാണു കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവിടെ പരിശോധന നടത്തി എത്രയും പെട്ടെന്നു നടപടി ആരംഭിക്കണമെന്നു മുഖ്യമന്ത്രി കഴിഞ്ഞ മേയിൽ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. ഇതിനു മറുപടി കിട്ടിയിട്ടില്ല.