തദ്ദേശ തിരഞ്ഞെടുപ്പിനിടയില്‍ സംഘട്ടനമുണ്ടാകും, ക്രമസമാധാനത്തിനെത്തുക മുപ്പത് കമ്പനി സായുധ സേന

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (13:28 IST)
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെമ്പാടും സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടത് വലത് മുന്നണികളും ബിജെപിയും അഭിമാനപ്പോരാട്ടമായി കാണുന്നതിനാല്‍ പലയിടത്തും രാഷ്ടീയ സംഘട്ടനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനേ തുടര്‍ന്ന് ക്രമസമാധാന പാലനത്തിനായി തിരഞ്ഞെടുപ്പിന് സായുധസേനയേ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതുകമ്പനി സായുധസേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘർഷ മേഖലയിലും അതീവ പ്രശ്നബാധിത ബൂത്തുകളിലും സായുധ സേനയേയാകും സുരക്ഷയ്ക്കായി നിയോഗിക്കുക.
സംസ്ഥാനത്ത് മൂവായിരത്തോളം പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഇവയിൽ കാൽഭാഗം അതീവ പ്രശ്ന ബാധിത ബൂത്തുകളാണ്.
സായുധ സേനയ്ക്ക് പുറമെ കേന്ദ്രസേനയുടെ സഹായവും തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ റിസര്‍വ് പൊലീസ് ബറ്റാലിയനും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്തും.

തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയം പലപാര്‍ട്ടികളും ഇനിയും പൂർത്തിയായിട്ടില്ല. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം 14 ആണ്. അതോടെ സംസ്ഥാനത്ത് സ്ഥാനാർത്ഥിചിത്രം വ്യക്തമാകും. പുതിയ സഖ്യസാധ്യതകൾ എവിടെയൊക്കെയാണെന്നും തെളിയും. അതോടെ സംഘര്‍ഷത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്.
നവംബര്‍ 2,5 എന്നീ ദിനങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :