ഇന്ത്യ ആഗ്നേയം തൊടുത്തു, ചൈനയ്ക്ക് തലവേദന കൂടി

അഗ്നി മിസൈല്‍, ഇന്ത്യ, ചൈന, ഡിആര്‍ഡിഒ
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (09:55 IST)
മിസൈല്‍ പോരാട്ടങ്ങളില്‍ ചൈനയുടെ ഭൂരിഭാഗം നഗരങ്ങളും ഇനി ഇന്ത്യയുടെ മിസൈല്‍ പരിധിയില്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അഭിമാന മിസൈലായ അഗ്നി-4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒരു ടണ്‍ ആണവായുധം വരെ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒഡിഷ തീരത്തെ വീലര്‍ ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്നാണ് പരീക്ഷിച്ചതെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചു.

അഗ്നി-നാല് മിസൈലിന്റെ വിജയകരമായ നാലാമത്തെ പരീക്ഷണമായിരുന്നു ഇത്. ദീര്‍ഘദൂര, ഭൂതല മിസൈലായ അഗ്‌നി-നാലിന് ശത്രുപാളയത്തിലെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യത്തിലെത്താനുള്ള ശേഷിയുണ്ട്. ഇതാണ് ചൈനയ്ക്ക് തലവേദനയുണ്ടാക്കുന്നത്. സമാന ഗുണങ്ങളും കൂടുതല്‍ ദൂരങ്ങളില്‍ പ്രഹരശേഷിയുമുള്ള അഗ്നി -5ന്റെ മോടി കൂട്ടാനുള്ള പണിപ്പുരയിലാണ് ഡിആര്‍ഡിഒ ഇപ്പോള്‍. രാജ്യത്തിന്റെ ആദ്യ ഭൂഖണ്ടാന്തര മിസൈലാണ് ഇത്.

നിലവില്‍ ഇന്ത്യയുടെ ആക്രമണ പരിധിയില്‍ യൂറോപും, റഷ്യയുടെ ചിലഭാഗങ്ങളും വരും എന്നാണ് പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ അതിലും പ്രഹരശേഷി അഗ്നി -5നുണ്ടെണ്ടാണ് വിലയിരുത്തുന്നത്. 2017-ല്‍ അഗ്നി-അഞ്ച് സൈന്യത്തിന് കൈമാറാനാകുമെന്നാണ് കരുതുന്നത്. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-അഞ്ചിന് 1.4 ടണ്ണോണം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ടാകും.

എവിടെനിന്നും വിക്ഷേപിക്കാവുന്ന അഗ്നി-അഞ്ച് സൈന്യത്തിന്റെ ഭാഗമാകുന്നതോടെ, ആണവ മിസൈല്‍ രംഗത്തെ ദൗര്‍ബല്യം ഇന്ത്യ അതിജീവിക്കും. അഗ്നി -4ന് സമാനമായ മിസൈല്‍ ഇപ്പോള്‍ പാകിസ്ഥാനുണ്ട്. എന്നാല്‍ ഇത് ഉത്തരകൊറിയയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങിയതാണ്. മിസൈലുകള്‍ എല്ലാം സ്വയം നിര്‍മ്മിച്ചതാണ് എന്നതിനാല്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ അല്‍പ്പം അഭിമാനിക്കാം.

എന്നാല്‍, അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള അഗ്നി-അഞ്ച് മിസൈലുകളുടെ നിര്‍മ്മാണമാണ് പ്രതിരോധവിഭാഗം അടുത്തതായി ലക്ഷ്യമിടുന്നത്. അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള, 750 കിലോമീറ്റര്‍ പരിധിയുള്ള കെ-15 മിസൈലുകളും അടുത്തവര്‍ഷം പരീക്ഷിക്കാനാകുമെന്ന് ഡി.ആര്‍.ഡി.ഒ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മേധാവിത്വം നിലനിര്‍ത്താമെന്ന് രാജ്യം കരുതുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :