മുംബൈ|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (18:39 IST)
പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിപറഞ്ഞ് സല്‍മാന്‍ ഖാന്‍ പൊട്ടിക്കരഞ്ഞു. 2002ലെ വാഹനാപകടക്കേസില്‍ തന്നെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധി കേട്ടപ്പോഴാണ് സല്‍മാന്‍ ഖാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണത്. കോടതിവിധി അംഗീകരിക്കുന്നു എന്നും വിഷമഘട്ടത്തില്‍ ഒപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നു എന്നും സല്‍മാന്‍ ഖാന്‍ അറിയിച്ചു.
തനിക്കൊപ്പം വര്‍ഷങ്ങളായുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ചുമലിലേക്കാണ് കോടതി വിധി കേട്ട സല്‍മാന്‍ ഖാന്‍ കുഴഞ്ഞുവീണത്. സെഷന്‍സ് കോടതിയുടെ അഞ്ചുവര്‍ഷം തടവെന്ന വിധിയാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
സാക്ഷിമൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഇല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സല്‍മാന്‍റെ തടവുശിക്ഷ കോടതി റദ്ദുചെയ്തത്.
പതിമൂന്നു വര്‍ഷം മുമ്പായിരുന്നു സല്‍മാന്റെ വാഹനമിടിച്ച് ഒരാള്‍ മരിച്ചത്. കേസില്‍ പ്രധാന സാക്ഷിയായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി വിശ്വസനീയമല്ലെന്നുള്ള പ്രധാനപ്പെട്ട നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. രവീന്ദ്ര പാട്ടീല്‍ 2007ല്‍ മരിച്ചിരുന്നു. സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.
2002ല്‍ സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടമാണ് കേസിനാധാരം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന്, സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. എന്നാല്‍, അന്നുതന്നെ സല്‍മാന് ഹൈക്കോടതിയില്‍ നിന്ന്
ജാമ്യം ലഭിച്ചിരുന്നു.