ആമിര്‍ ഖാനെ മഹാരാഷ്ട്ര സര്‍ക്കാരും കയ്യൊഴിഞ്ഞു; വരള്‍ച്ചാ നിവാരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ഫട്‌നാവിസ്

മുംബൈ| Rahul Balan| Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (19:33 IST)
മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വരള്‍ച്ചാനിവാരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ആമിര്‍ ഖാനെ നിയമിക്കും എന്ന വാര്‍ത്ത നിഷേധിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. എ ബി പി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഫട്‌നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് പുതിയ സ്‌കീമിലൂടെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ, സംസ്ഥാനത്തെ 25000 ഗ്രാമങ്ങളെ അഞ്ച് വര്‍ഷം കൊണ്ട് സമ്പൂര്‍ണ വരള്‍ച്ച രഹിത പ്രദേശങ്ങളാക്കി മാറ്റുകയെന്നതാണ് ലക്‌ഷ്യം. വരള്‍ച്ച മൂലമുണ്ടായ കൃഷിനാശം മൂലം സംസ്ഥാനത്ത് മൂവായിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.

അസഹിഷ്ണുതയ്ക്കെതിരെ ആ‍മിര്‍ ഖാന്‍ നടത്തിയ അഭിപ്രായപ്രകടനം ബിജെപിയടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ‘അസഹിഷ്ണുത കാരണം ഇന്ത്യ വിട്ടു പോകാം എന്ന് ഭാര്യ കിരണ്‍ റാവു തന്നോട് പറഞ്ഞു’ എന്നായിരുന്നു ആമിര്‍ ഖാന്റെ പ്രസ്താവന.

ബി ജെ പി നേതാക്കളടക്കം നിര്‍വധി പേര്‍ ആമിര്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന്, ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നും ആമിര്‍ഖാനെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :