അഴിമതി കുറഞ്ഞില്ല, വൈദ്യുതിബില്‍ കുറയുന്നില്ല, സൌജന്യമായി നല്കാമെന്ന് പറഞ്ഞ വെള്ളവുമില്ല - ആം ആദ്‌മി സര്‍ക്കാരിനെതിരെ സര്‍വ്വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (19:13 IST)
അഴിമതിക്കെതിരെ ശക്തമായ നിലപാടുമായാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി കഴിഞ്ഞവര്‍ഷം ഫെബ്രുവരില്‍ ഡല്‍ഹിയുടെ അധികാര കസേര ഏറ്റെടുത്തത്. എന്നാല്‍, അധികാരത്തില്‍ എ എ പി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ഡല്‍ഹിയിലെ അഴിമതിക്ക് വലിയ മാറ്റമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വരാജ് അഭിയാന്‍ ആണ് സര്‍വ്വേ നടത്തിയത്. ഡല്‍ഹിയില്‍ താമസക്കാരായ 77ശതമാനം ആളുകളും ആം ആദ്‌മി പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

തങ്ങള്‍ക്ക് ഒരിക്കലും വൈദ്യുതിബില്‍ കുറഞ്ഞ് ലഭിച്ചിട്ടില്ലെന്ന് 66 ശതമാനം ആളുകളും പരാതിപ്പെടുമ്പോള്‍ 20, 000 ലിറ്റര്‍ വരെ വെള്ളം സൌജന്യമായി നല്കുമെന്ന് പറഞ്ഞിട്ടുള്ള വാഗ്ദാനവും കെജ്‌രിവാള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നാണ് സാധാരണക്കാര്‍ പറയുന്നത്.

ഫെബ്രുവരി 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്. എഴുപത് അസംബ്ലി മണ്ഡലങ്ങളിലായി 10, 000 ആളുകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ യേഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷനാണ് സ്വരാജ് അഭിയാന്‍.

വര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് 82 ശതമാനം ആളുകളും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സ്ത്രീകള്‍ ഡല്‍ഹിയില്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന് 80 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 87 % ആളുകള്‍ അവരുടെ പ്രദേശങ്ങളില്‍ സി സി ടി വി സ്ഥാപിച്ചിട്ടില്ലെന്നും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :