ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 27 ജൂണ്‍ 2014 (08:52 IST)
മുന്‍പുള്ള സര്‍ക്കാരുകള്‍ക്ക് നൂറു ദിവസം മധുവിധു കാലം എന്ന ആര്‍ഭാടം പോലും തന്റെ സര്‍ക്കാരിനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അധികാരത്തിലേറി ഒരു മാസം പൂര്‍ത്തിയാക്കിയ വേളയില്‍ ബ്ളോഗിലൂടെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. നൂറ് മണിക്കൂര്‍ തികയും മുന്‍പെ നിരവധി ആരോപണങ്ങളുയര്‍ന്നെങ്കിലും രാജ്യത്തെ സേവിക്കണമെന്ന ഒറ്റ ലക്‍ഷ്യം വെച്ചാണ്
പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആരോപണങ്ങള്‍ കാര്യമായി എടുത്തിട്ടില്ല.
ജനങ്ങളുടെ പിന്തുണയും സ്നേഹവുമാണ് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രചോദനം നല്‍കുന്നത്. 67 വര്‍ഷം രാജ്യം ഭരിച്ച മുന്‍ സര്‍ക്കാരുകളുമായി തന്റെ ഒരുമാസത്തെ ഭരണവുമായി താരതമ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഈ ഒരു മാസത്തിലെ ഓരോ നിമിഷവും തന്റെ മുഴുവന്‍ ടീമും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.
ജൂണ്‍ 26 തന്റെ മനസില്‍ മായാതെ നില്‍ക്കും. സര്‍ക്കാര്‍ ഒരു മാസം തികച്ച സന്തോഷത്തിനൊപ്പം രാജ്യത്ത് ശക്തമായ ജനാധിപത്യ സംവിധാനം വേണമെന്ന് ബോദ്ധ്യപ്പെടുത്തി തന്നെ ദിവസം കൂടിയാണ്. 1975 ജൂണ്‍ 26നാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. ജനാധിപത്യ അവകാശങ്ങളെല്ലാം അക്കാലത്ത് നിഷേധിക്കപ്പെട്ടു. യുവാവ് എന്ന നിലയില്‍ അന്നത്തെ നീറുന്ന ഓര്‍മ്മകള്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നുണ്ട്. നല്ല ഭരണത്തിന്റെ ഈ നാളുകളില്‍ ഇനിയൊരിക്കലും ആ ഇരുണ്ട ദിനങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്നും മോഡി ബ്ലോഗില്‍ പറയുന്നു.
എല്ലാ തീരുമാനങ്ങളും രാജ്യ താത്പര്യം മുന്‍നിറുത്തി മാത്രമാണ് എടുത്തത്. ഒരു മാസം മുന്‍പ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങള്‍ മനസിലാക്കിയെടുക്കുന്നതിന് താന്‍ ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നാണ് ചിലര്‍ വിശ്വസിച്ചത്. എന്നാല്‍, ഭാഗ്യവശാല്‍ അങ്ങനെയൊരു തോന്നല്‍ പോലും തന്റെ മനസില്‍ ഇല്ല.
ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ആത്മവിശ്വാസം ഉയര്‍ത്തി.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മന്ത്രിമാരുമായും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും വിശദമായ കൂടിക്കാഴ്ചകള്‍ നടത്തി. അവര്‍ നടത്തിയ അവതരണങ്ങള്‍ വകുപ്പുകളുടെ മികച്ചൊരു രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചു. ഒട്ടേറെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മോഡി വ്യക്തമാക്കി.
വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ഉന്നതങ്ങളിലെത്തിക്കുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് തനിക്ക് പിന്തുണ നല്‍കുന്ന രാജ്യത്തെ എല്ലാ ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് മോഡിയുടെ ബ്ലോഗിലെ കുറിപ്പ് അവസാനിക്കുന്നത്.