2700 കോടി രൂപ ദാനം ചെയ്യാന്‍ മനോജ് ഭാര്‍ഗവ!

Manoj Bhargava
ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
അമേരിക്കയിലുള്ള ഇന്ത്യക്കാരില്‍ ഏറ്റവും വലിയ കോടീശ്വരനാണ് മനോജ് ഭാര്‍ഗവ എന്നാണ് ഫോര്‍ബെസ് മാഗസിന്‍ പറയുന്നത്. കോടീശ്വരനായാലെന്താ, സ്വത്തിലൊന്നും മനോജ് ഭാര്‍ഗവയ്ക്ക് താല്‍‌പര്യമില്ല. തന്റെ സ്വത്തിന്റെ തൊണ്ണൂറ് ശതമാനവും ദാനം ചെയ്യാന്‍ പോകുകയാണ് എന്നാണ് മനോജ് ഭാര്‍ഗവ പ്രസ്താവിച്ചിരിക്കുന്നത്. മൂവായിരം കോടി രൂപയാണ് മനോജ് ഭാര്‍ഗവയുടെ ആസ്തി!

അമേരിക്കയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന എനര്‍ജി ഡ്രിങ്കായ ‘5 അവര്‍ എനര്‍ജി’യുടെ ഉടമയാണ് മനോജ് ഭാര്‍ഗവ. ലഖ്നൌവില്‍ ജനിച്ച മനോജ് ഭാര്‍ഗവ പതിനേഴാമത്തെ വയസിലാണ് അമേരിക്കയിലേക്ക് പോകുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായും ക്ലീനിംഗ് കോണ്‍‌ട്രാക്‌ടറായും ക്ലര്‍ക്കായും ടാക്സി ഡ്രൈവറായുമൊക്കെ ജോലി നോക്കിയിട്ടുള്ള മനോജ് ഭാര്‍ഗവയുടെ ഭാഗ്യം തെളിയുന്നത് ലിവിംഗ് എസന്‍‌ഷ്യല്‍‌സ് എന്ന കമ്പനി ആരംഭിച്ചതോടെയാണ്.

വിദ്യാഭ്യാസമല്ല, കേവലയുക്തിയാണ് തന്റെ ജീവിതവിജയത്തിന്റെ കാരണമെന്ന് മനോജ് ഭാര്‍ഗവ പറയുന്നു. കുട്ടിക്കാലം തൊട്ടേ ആത്മീയതയില്‍ ഊന്നിയ ജീവിതമാണ് മനോഹ് ഭാര്‍ഗവ നയിക്കുന്നത്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ചും സുഖലോലുപതകളില്‍ സന്തോഷം കണ്ടെത്താതെയും കഴിയുന്ന മനോഹ് ഭാര്‍ഗവ ഇപ്പോഴും പൈജാമയും കുര്‍ത്തയും മാത്രമാണ് ധരിക്കാറ്.

“എനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സര്‍ക്കാരുകളാണ്. എന്ത് നല്ല കാര്യവും സര്‍ക്കാരുകള്‍ മുടക്കും. സര്‍ക്കാരുകളില്‍ നിന്ന് എത്രത്തോളം അകലം പാലിക്കാന്‍ പറ്റുമോ അത്രയും ഞാന്‍ പാലിക്കും. ആരെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ പോകുന്നുവെങ്കില്‍ അതിന് തടയിടുന്നത് സര്‍ക്കാരുകള്‍ ആണെന്ന് എനിക്ക് അറിയാം എന്നത് കൊണ്ടാണത്” - മനോജ് ഭാര്‍ഗവ തുറന്നടിക്കുന്നു.

അമേരിക്കയില്‍ നിന്ന് താന്‍ കോടിക്കണക്കിന് രൂപ ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ധനമൊന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ താല്‍‌പര്യമില്ലെന്നുമാണ് മനോജ് ഭാര്‍ഗവ പറയുന്നത്. തന്റെ ആസ്തിയുടെ തൊണ്ണൂറ് ശതമാനവും ഇന്ത്യയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാനാണ് മനോജ് ഭാര്‍ഗവ ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്. ഇതിനകം തന്നെ അയ്യായിരം കോടി രൂപ വിവിധ കാര്യങ്ങള്‍ക്കായി മനോജ് ഭാര്‍ഗവ ദാനം ചെയ്തുകഴിഞ്ഞു.

ഇന്ത്യയിലെ കോടീശ്വരന്മാര്‍ ഇതൊക്കെ കാണുന്നുണ്ടോ, ആവോ?!

(ചിത്രത്തിന് കടപ്പാട് - ഫോര്‍ബെസ് മാഗസിന്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :