സിഎഎ പ്രതിഷേധം കത്തുന്നു:യുപിയില്‍ യോഗിയുടെ പ്രതികാരം; പ്രതിഷേധക്കാരുടെ വസ്തുവകകൾ കണ്ടു‌കെട്ടുന്നു; മരണം 18 ആയി

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി ഉത്തരവ് ഉപയോഗപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2019 (10:35 IST)
ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി ഉത്തരവ് ഉപയോഗപ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.

സമാനമായ നടപടികളിലേക്കു മറ്റു ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്. കടകളുടെ പരിസരങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കു സൗകര്യമൊരുക്കുമെന്നു പോലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ 'പ്രതികാരം' ചെയ്യുമെന്നു യോഗി പറഞ്ഞിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി തലസ്ഥാനത്തു തങ്ങുകയാണ്. 'അക്രമികളെ വെറുതേ വിടില്ലെന്ന്' അദ്ദേഹം ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ മരിച്ചരുടെ എണ്ണം 18 ആയി. രാംപൂരില്‍ ശനിയാഴ്ചയും ആളുകള്‍ കൊല്ലപ്പെട്ടു. എട്ടു വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 4500 ലേറെ പേര്‍ സംസ്ഥാനത്ത് കസ്റ്റഡിയിലുണ്ട്. 700 ലേറെപ്പേരെ അറസ്റ്റു ചെയ്തു. ഇതില്‍ സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് 102 പേരുടെ അറസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :