Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (16:23 IST)
ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് 25,000 രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ച പതിനേഴുകാരന്‍ പിടിയിലായി. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കൗമാരക്കാരനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭവാനിപൂരിലെ ക്ഷേത്രത്തില്‍ നിന്നായിരുന്നു നാണയങ്ങള്‍ കളവ് പോയത്. ക്ഷേത്ര ഭണ്ഡാരത്തിനു സമീപത്തുള്ള നാല് സിസിടിവി ക്യാമറകളും വ്യത്യസ്ത വസ്ത്രങ്ങളുപയോഗിച്ച് മറച്ചതിനുശേഷമായിരുന്നു കൗമാരക്കാരന്‍റെ കവര്‍ച്ച.
1,2,5,10 രൂപയുടെ നാണയങ്ങളാണ് യുവാവ് ഭണ്ഡാരത്തില്‍ നിന്നും കവര്‍ന്നത്. വലിയ തുകകള്‍ ഉള്ള ഭണ്ഡാരം ഇയാള്‍ തൊട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി സ്ഥിരം ക്ഷേത്രത്തില്‍ എത്താറുള്ള യുവാവിന് ക്യാമറകളുടെ സ്ഥാനത്തെയും മറ്റും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
റോയ് സ്ട്രീറ്റിനു സമീപത്തെ ക്ഷേത്രത്തില്‍ നിന്നായിരുന്നു പണം കവര്‍ന്നത്. ആഗസ്റ്റ് പതിനേഴിനാണ് പണം നഷ്ടമായതെന്ന് കണ്ടെത്തിയ പൊലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. 'അന്വേഷണം നടത്തിയ ഭവാനിപൂര്‍ പൊലീസ് ക്ഷേത്രവുമായി ഈ സമയങ്ങളില്‍ ബന്ധപ്പെട്ട പ്ലംബറെയും ഇലക്ട്രീഷ്യനെയും പണിക്കാരെയുമെല്ലാം നിരീക്ഷിച്ചു. 24 മണിക്കൂറിനകം തന്നെ ഇലക്ട്രീഷ്യനെ വലയിലാക്കുകയും ചെയ്തു.' പൊലീസ് പറയുന്നു.
കൗമാരക്കാരന്‍റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മോഷണം പോയ പണം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഇയാളെ ഹാജരാക്കുകയായിരുന്നു. ആദ്യമായാണ് ഇയാള്‍ ഒരു കേസില്‍പ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കി. ക്യാമറകള്‍ മറയ്ക്കാനുപയോഗിച്ച തുണികളും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.