പെരുവെള്ളത്തിൽ ആംബുലൻസിനു വഴികാട്ടി ആയ ബാലന് ധീരതയ്ക്കുള്ള പുരസ്കാരം

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (13:19 IST)
കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരനെ തേടി ധീരതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ബി ആണ് വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അർഹമായ സംഭവം നടന്നത്. കർണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. കര്‍ണാടകത്തിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായണകുമ്ബി ഗ്രാമത്തിലാണ് വെങ്കടേഷ് താമസിക്കുന്നത്.

മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തിൽ ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിൽ ഓടി ബാലൻ വഴി കാട്ടിയത്. അരയോളം വെള്ളത്തിൽ ഇത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടി ഇക്കരെയെത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ച് കൂട്ടുന്നതും വീഡിയോയിൽ കാണാമായിരുന്നു.

വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ബാലനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ബാലന്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അർഹനാണെന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോൾ നിറവേറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :