മുംബൈയിലെ കപ്പല്‍ശാലയില്‍ ഐഎന്‍എസ് സിന്ധുരക്ഷകില്‍ ഉണ്ടായ സ്ഫോടനം നിര്‍ഭാഗ്യകരമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ അടങ്ങുന്ന ആയുധങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്നും ആന്റണി പറഞ്ഞു.
സിന്ധുരക്ഷകില്‍ ഉണ്ടായ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് കപ്പലില്‍ 18 ആളുകള്‍ ഉണ്ടായിരുന്നു. സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് അപകടത്തില്‍പ്പെട്ട ആരും തന്നെ ജിവിച്ചിരിക്കാന് സാധ്യതയില്ലെന്നാണ്. കപ്പലിന്റെ ഘടനയ്ക്ക് സംഭവിച്ച കേടുപാടുകളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും മറ്റും അന്തര്‍വാഹിനിയുടെ ഒരു ഭാഗത്ത് മാത്രമേ പ്രവേശിക്കാന്‍ സാധിച്ചിട്ടുള്ളുവെന്നും ആന്റണി പറഞ്ഞു.
അപകടത്തില്‍ കൊല്ലപ്പെട്ട നാവികരുടെ കുടുംബത്തെ സഹായിക്കുന്നതിന് പ്രതിരോധമന്ത്രാലയം എല്ലാ പിന്തുണയും നല്‍കും. സിന്ധുരക്ഷകില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നേവിയുടെ എല്ലാ അന്തര്‍വാഹിനികളിലും സുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.