ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 22 ഒക്ടോബര്‍ 2010 (14:41 IST)
ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്നത് കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം ലംഘിച്ചു എന്ന് ആരോപിച്ച് വധുവിനും കുടുംബത്തിനും എതിരെ സമര്‍പ്പിച്ച എഫ്ഐആര്‍ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ജസ്റ്റിസ് ഭരിഹോകെയാണ് പൂജ സക്സേന എന്ന യുവതിക്കും വീട്ടുകാര്‍ക്കും എതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കിയത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് വരന്റെ വീട്ടുകാര്‍ ഭീഷണി മുഴക്കി എന്ന് കുറ്റാരോപിതര്‍ക്ക് കോടതിയെ ധരിപ്പിക്കുന്നതിനു സാധിച്ചു എന്നും കോടതി പറഞ്ഞു.
പൂജ സക്സേന ഭര്‍തൃവീട്ടുകാരുടെ പീഡനത്തിനെതിരെ വിചാരണ കോടതിയില്‍ പരാതി നല്‍കിയിരുന്നു. വിചാരണ വേളയില്‍, തന്റെ വീട്ടുകാര്‍ ഭര്‍ത്താവ് സക്സേനയ്ക്ക് ഭീമമായ സ്ത്രീധനം നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന്, പൂജ സ്ത്രീധന നിരോധന നിയമം ലംഘിച്ചു എന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്നും അതിനാല്‍ അവര്‍ക്കും കുടുംബത്തിനും എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സക്സേന ആവശ്യപ്പെടുകയായിരുന്നു.
ഇതെ തുടര്‍ന്ന്, വിചാരണ കോടതി പൂജയ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യപ്പെട്ടു. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.