സ്ഫോടനം ചിദംബരത്തെ ലക്‍ഷ്യമിട്ട്?

ചെന്നൈ| WEBDUNIA|
PTI
തമിഴ്നാട്ടില്‍ എല്‍‌ടി‌ടിഇ അനുകൂലികള്‍ എന്ന് സംശയിക്കുന്നവര്‍ റയില്‍‌വെ ട്രാക്കില്‍ സ്ഫോടനം നടത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ ലക്‍ഷ്യമിട്ടായിരുന്നു എന്ന് സംശയം. ചിദംബരം ഇതുവഴി ട്രിച്ചിയിലേക്ക് യാത്ര ചെയ്യാനിരിക്കെയായിരുന്നു സ്ഫോടനം നടന്നത്.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ചിദംബരത്തിന്റെ വിമാനം വൈകിയതു മൂലം ട്രിച്ചിയിലേക്കുള്ള യാത്ര ശനിയാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു. കാരക്കുടിയില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഒരു പരിപാടിയില്‍ സംബന്ധിക്കാനാണ് ചിദംബരം എത്തുന്നത്.

ശനിയാഴ്ച വെളുപ്പിന് രണ്ട് മണിയോടെയാണ് വില്ലുപുരം ജില്ലയില്‍ പേരാണി സ്റ്റേഷനടുത്ത് എല്‍‌ടി‌ടിഇ അനുകൂലികളെന്ന് കരുതുന്നവര്‍ സ്ഫോടനം നടത്തി ട്രാക്ക് തകര്‍ത്തത്. സ്റ്റേഷനില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് അതുവഴിവന്ന റോക്ഫോര്‍ട്ട് എക്സ്പ്രസ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ട്രാക്ക് തകര്‍ന്നതിന് വെറും 200 അടി അകലെയായിരുന്നു റോക്ഫോര്‍ട്ട് എക്സ്പ്രസ് നിര്‍ത്തിയത്.

സംഭവസ്ഥലത്തു നിന്ന് വേലുപ്പിള്ള പ്രഭാകരനെ അനുകൂലിക്കുന്നതും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നതുമായ ലഘുലേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :