ഹാലിമിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്‌ മാറ്റി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (14:21 IST)
PRO
PRO
കോഴിക്കോട്‌ ഇരട്ട സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി അബ്‌ദുള്‍ ഹാലിമിന്‌ ജാമ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. സി ബി ഐ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കാശ്മീരിലേക്കു തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്ത കേസിലെ ജാമ്യഹര്‍ജി ഇനി ജനുവരി 27ന് പരിഗണിക്കും.

ഹാലിമിന്‍റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ആദ്യം വെള്ളിയാഴ്ചയായിരുന്നു ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹാലിമിന്‍റെ അഭിഭാഷകന് അന്നും കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌ തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്‌.

കേസുമായി ബന്ധപ്പെട്ട് ഹാലിം അറസ്റ്റിലായിട്ട് 180 ദിവസം കഴിഞ്ഞു. എന്നിട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹാലിമിന്‍റെ ബന്ധുക്കളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഫെബ്രുവരി രണ്ടു വരെ കോടതി റിമാന്‍ഡ്‌ ചെയ്‌ത ഹാലിം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്‌. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുള്‍ ഹാലിം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :