പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന 50 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ നിന്ന് താനെ സ്വദേശി വസ്ഉല്‍ ഖമര്‍ ഖാന്റെ പേര് സിബിഐ നീക്കം ചെയ്തു. ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയ പിശക് ബുധനാഴ്ചയാണ് സിബിഐ തിരുത്തിയത്.
ഇന്ത്യ പാകിസ്ഥാന് കൈമാറിയ ഭീകര പട്ടികയില്‍ താനെ സ്വദേശിയായ സാരി വ്യാപാരിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാര്‍ച്ചില്‍ നടന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്ഥാനു നല്കിയ ഭീകര പട്ടികയിലാണ് ഖമര്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തിയത്.
2003-ലെ മുലുന്ദ് സ്ഫോടന കേസിലെ പ്രതിയായ ഖാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. വര്‍ഷങ്ങളായി താനെയില്‍ കഴിയുന്ന താന്‍ കൃത്യമായി കോടതിയില്‍ ഹാജരാവുന്നുണ്ട് എന്നും പാകിസ്ഥാനില്‍ ഇതുവരെ പോയിട്ടില്ല എന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഖാന്റെ പേര് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏറ്റെടുത്തിരുന്നു. പാകിസ്ഥാന് നല്കിയ പട്ടിക പരിശോധിക്കാന്‍ സമയം ലഭിച്ചിരുന്നില്ല എന്നും മഹാരാഷ്ട്ര പൊലീസിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള വെളിപ്പെടുത്തുകയും ചെയ്തിരുന്നു.