സഞ്ജയ് ദത്തിന് പിന്നാലെ 3 പ്രതികള്‍ക്ക് കൂടി സുപ്രീംകോടതിയുടെ കനിവ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
1993 മുംബൈ സ്ഫോടനക്കേസില്‍ നടന് സഞ്ജയ് ദത്തിന് പിന്നാലെ മൂന്ന് പ്രതികള്‍ക്ക് കൂടി സുപ്രീംകോടതി കീഴടങ്ങാനുള്ള സമയപരിധി നീട്ടിനല്‍കി. നാലാഴ്ചത്തേക്കാണ് ഇവര്‍ക്കും സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. യൂസഫ് നല്വാല, അല്ത്യാഫ്, എസ മേമന് എന്നിവരാണിവര്‍. മാനുഷിക പരിഗണന നല്കിയാണിത്. അതേസമയം മറ്റൊരു പ്രതി സൈബുന്നീസ കാസിയുടെ കാര്യത്തില്‍ തീരുമാനം ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന് വിട്ടു. 70കാരിയും ക്യാന്‍സര്‍ രോഗിയുമായ സൈബുന്നീസയുടെയും മറ്റ് രണ്ട് പേരുടേയും കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കും.
ദത്തിന് കീഴടങ്ങാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടിനല്‍കിയത് ബുധനാഴ്ചയായിരുന്നു. കീഴടങ്ങാന്‍ ആറുമാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് ദത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി നാലാഴ്ചത്തേക്ക് സമയം നീട്ടി നല്‍കിയത്. അതേസമയം കേസിലെ 11 പ്രതികള്‍ ബുധനാഴ്ച മുംബൈ കോടതിയില്‍ കീഴടങ്ങി.
പ്രതികള്‍ ഒരു മാസത്തിനകം കീഴടങ്ങണമെന്നായിരുന്നു വിധി പ്രസ്താവിച്ചപ്പോള്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം വേണമെന്ന ദത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറില്‍ ഏര്‍പ്പെട്ട സിനിമകള്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയാല്‍ ബോളിവുഡിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും ദത്ത് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ദത്തിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്.
ശിക്ഷ ഇളവുചെയ്ത് വിട്ടയക്കണം എന്ന നിവേദനം മഹാരാഷ്ട്ര ഗവര്‍ണര്‍ പരിഗണിക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു.