ശശി തരൂര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും

ന്യൂഡല്‍ഹി| Joys Joy| Last Modified ഞായര്‍, 11 ജനുവരി 2015 (10:26 IST)
ലോക്സഭ എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ദില്ലി പൊലീസ് വെളിപ്പെടുത്തിയതിനു ശേഷം ഇത് ആദ്യമായാണ് തരൂര്‍ ഡല്‍ഹിയില്‍ എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചിയില്‍ നിന്ന് തരൂര്‍ ഡല്‍ഹിക്ക് പുറപ്പെടും. ഡല്‍ഹിയില്‍ എത്തിയാല്‍ നേരെ വീട്ടിലേക്ക് ആയിരിക്കും തരൂര്‍ പോകുക.

തരൂര്‍ ഡല്‍ഹിയില്‍ എത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ ദില്ലി പൊലീസ് സ്വീകരിക്കും. അതേസമയം, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ കാര്യങ്ങളില്‍ നേരത്തെ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാന്‍ താല്പര്യമില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.

തരൂരിനെ ചോദ്യം ചെയ്യുന്നതിനു മുമ്പ്, സുനന്ദ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതു മുതല്‍ മരണം സംഭവിച്ച ജനുവരി 17വരെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ദില്ലി പൊലീസിന് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു ശേഷമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഇതിനിടെ, തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മെഹര്‍ തരാറിന് ദില്ലി പൊലീസ് ഒരു ചോദ്യാവലി അയച്ചിട്ടുണ്ട്. പാക് പൌരത്വമുള്ള വനിത ആയതിനാല്‍ ചോദ്യം ചെയ്യുന്നതിന് പൊലീസിന് ബുദ്ധിമുട്ട് ഉണ്ട്. ഇക്കാരണത്താല്‍ ആണ് മെഹര്‍ തരാറിന് ചോദ്യാവലി അയച്ച് ദില്ലി പൊലീസ് കാത്തിരിക്കുന്നത്.

അതേസമയം, തരൂരിന്റെ സഹായിയായിരുന്ന നാരായണ്‍ സിംഗിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടിലെ ദില്ലി പൊലീസ് പരിശോധന നടത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :