ജോയ്സ് ജോയ്|
Last Updated:
വെള്ളി, 6 ഫെബ്രുവരി 2015 (18:04 IST)
ഡല്‍ഹി അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കലുമായി വെബ്ദുനിയ സീനിയര്‍ സബ് എഡിറ്റര്‍ ജോയ്സ് ജോയ് നടത്തിയ ടെലഫോണ്‍ അഭിമുഖം.
ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ മതേതരവിശ്വാസികളില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഡല്‍ഹിയില്‍ അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധര്‍ ആണ് ആക്രമണം നടത്തുന്നതെന്ന് അധികാരപ്പെട്ടവര്‍ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു സാമൂഹ്യവിരുദ്ധനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ക്രൈസ്തവര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധിക്കാന്‍ ഒത്തുകൂടിയ ക്രൈസ്തവര്‍ക്കു നേരെ പൊലീസ് കൈക്കൊണ്ട നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. അഞ്ഞൂറോളം വരുന്ന സമരക്കാരെ നേരിടാന്‍ ആയിരത്തോളം പൊലീസുകാര്‍ എന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍.
വനിതകളും കന്യാസ്ത്രീകളും അടക്കമുളള്ളവരെ പൊലീസ് കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞു. ഈ സാഹചര്യത്തില്‍, ഡല്‍ഹിയിലെ ക്രൈസ്തവര്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അതില്‍ ക്രൈസ്തവസഭ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഡല്‍ഹി അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ മലയാളം വെബ്ദുനിയയോട് സംസാരിച്ചു.
ചോദ്യം: ഡല്‍ഹിയിലെ ക്രൈസ്തവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണ്? ഭാവിയെക്കുറിച്ച് അവര്‍ക്ക് പേടിയുണ്ടോ?
ഉത്തരം: ക്രൈസ്തവ സഭയ്ക്കോ വിശ്വാസികള്‍ക്കോ ഇതു സംബന്ധിച്ച് പേടിയില്ല. പക്ഷേ, ആശങ്കയുണ്ട്. നാളെ നേരം വെളുക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ അഞ്ച് ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്ന് കര്‍ശന നടപടികള്‍ ഉണ്ടാകുന്നില്ല. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അവര്‍ വാഗ്ദാനം തരുന്നുണ്ട്. പക്ഷേ, ഒന്നും പ്രാബല്യത്തില്‍ വരുന്നില്ല. വിശ്വാസത്തിനു വേണ്ടി മരിക്കാനും തയ്യാറാണ്.
ചോദ്യം: ദിവ്യബലി അര്‍പ്പിക്കുന്നതോ ആരാധന നടത്തുന്നതോ തടസപ്പെടുത്തിയിട്ടുണ്ടോ?
ഉത്തരം: എല്ലാ ദിവസങ്ങളിലും പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കാറുണ്ട്. അതിന് ഒരു തടസവുമില്ല. രാത്രിയില്‍ ആണ് പ്രധാനമായും അക്രമങ്ങള്‍ നടക്കുന്നത്.
ചോദ്യം: ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഭ എന്തെങ്കിലും പ്രത്യേക നിലപാടുകള്‍ സ്വീകരിക്കുമോ?
ഉത്തരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഭയ്ക്ക് പ്രത്യേക നിലപാടുകളില്ല. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു വോട്ട് ചെയ്യും. സെക്കുലര്‍ പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സഭ എന്നും പിന്തുടര്ന്നിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എങ്കിലും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍ ആയിരിക്കും വിശ്വാസികള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.
ചോദ്യം: വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനോട് പൊലീസ് മോശമായ രീതിയിലായിരുന്നോ പെരുമാറിയത്?
ഉത്തരം: ക്രൂരമായ രീതിയില്‍ ആയിരുന്നു പൊലീസ് പെരുമാറിയത്. ഗോള്‍ഡാക് ഘാന കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ സമാധാനപരമായി ഒത്തുചേര്‍ന്ന വിശ്വാസികളെ ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞു. മാര്‍ച്ച് നടത്തുന്നതിനായി ഒരു ചുവട് പോലും ആരും മുന്നോട്ടു വെച്ചിരുന്നില്ല. എന്നാല്‍ , ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞതിനു ശേഷം ബലമായി അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയായിരുന്നു. വൈദികരെയും കന്യാസ്ത്രീകളെയും സ്ത്രീകളെയും മര്‍ദ്ദിച്ചു. വനിതകളെ നിയമത്തിനു വിരുദ്ധമായി പുരുഷ പൊലീസുകാര്‍ പിടിച്ചുമാറ്റി. ബലമായി അറസ്റ്റു ചെയ്തു വിശ്വാസികളെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് വാഹനങ്ങളിലേക്ക് കൊണ്ടു പോകുകയുമാണ് ചെയ്തത്.
അല്മായനേതൃത്വം ആയിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ക്ക് പദ്ധതി ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ മാര്‍ച്ചിനു തയ്യാറെടുക്കുന്നതിനു മുമ്പു തന്നെ അറസ്റ്റ് നടന്നു.
ചോദ്യം: പള്ളികള്‍ക്കു നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടാകുന്നു. ഇതിനു പിന്നില്‍ വര്‍ഗീയത ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: വര്‍ഗീയത ഉണ്ടെന്നും വര്‍ഗീയത ഇല്ലെന്നും പറയുന്നില്ല.
പക്ഷേ, ഇതിനു പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ അത് ആരാണെന്ന് കണ്ടുപിടിച്ച് ഭരണകൂടത്തിനു മുമ്പില്‍ കൊണ്ടുവരട്ടെ. ആരാണ് പ്രതികള്‍ എന്ന് കണ്ടുപിടിക്കണം. എന്നാല്‍, അന്വേഷണം നടത്തുന്നവര്‍ ഇക്കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്.
വികാസ് പുരി പള്ളി ആക്രമിച്ചവരുടെ ചിത്രങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ അധികാരികള്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, മദ്യലഹരിയില്‍ ആണ് അവര്‍ ഇത് ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ഡല്‍ഹിയിലെ ഈ കൊടുംതണുപ്പില്‍, രാവിലെ അഞ്ചുമണിക്ക്, ബൈക്കിലെത്തിയവര്‍ പള്ളിയില്‍ ആക്രമണം നടത്തിയത് മദ്യലഹരിയിലാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ഇനി ഇവര്‍ മദ്യപിച്ചാണ് എത്തിയതെങ്കില്‍ തന്നെ ഇവര്‍ക്ക് പിന്നില്‍ ആരാണെന്ന് പറയണമെന്ന് കമ്മീഷണറോട് ആവശ്യപ്പെട്ടു. എന്നാല്‍, ഈ പറയുന്ന മൂന്നുപേര്‍ക്കും മറ്റു ബന്ധമൊന്നുമില്ലെന്നനിലപാടാണ് അധികാരികളുടേത്.
ചോദ്യം: വ്യാഴാഴ്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടിരുന്നല്ലോ. അദ്ദേഹം എന്തു പറഞ്ഞു?
ഉത്തരം: ക്രൈസ്തവ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും കാര്യത്തില്‍ സുരക്ഷ ഉറപ്പു തന്നു. ഡിസംബര്‍ രണ്ടുമുതല്‍ കേള്‍ക്കുന്നതാണ് ഈ വാക്ക്. എല്ലാ കാര്യങ്ങളിലും വാക്കു തരുന്നുണ്ട്. പക്ഷേ പ്രാവര്‍ത്തികമാക്കുന്നില്ല. പള്ളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം തന്നു.
ഡിസംബര്‍ ഒന്നിനാണ് ദില്‍ഷാദ് ഗാര്‍ഡനിലെ പള്ളി കത്തിച്ചത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം പൊലീസ് കമ്മീഷണറോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയില്ല എന്നാണ് പറഞ്ഞത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വേറെ ഏതെങ്കിലും മതങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങളില്‍ ആയിരുന്നു ഇങ്ങനെ ആക്രമണം നടന്നതെങ്കില്‍ ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ കാര്യക്ഷമമായി നടപടികള്‍ സ്വീകരിച്ചേനേ.
ആരോടും ശത്രുതാമനോഭാവത്തോടെ പ്രതികരിക്കാന്‍ സഭ തയ്യാറല്ല. അതുകൊണ്ടു തന്നെ ക്രൈസ്തവര്‍ അല്ലേ ഇവര്‍, ഇതൊക്കെ സഹിച്ചോളും എന്ന നിലപാടാണ് ഭരണാധികാരികള്‍ക്ക്.
ചോദ്യം: എല്ലാ പള്ളികളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക എന്നുള്ളത് എത്രത്തോളം പ്രായോഗികമാണ്?
ഉത്തരം: എല്ലാ പള്ളികളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക എന്നുള്ളത് പ്രായോഗികമല്ല. മിക്ക പള്ളികളിലെയും അംഗങ്ങള്‍ സാമ്പത്തികമായി വളരെ താഴ്ന്ന നിലയില്‍ ഉള്ളവരാണ്. അതുകൊണ്ടു തന്നെ എല്ലാ പള്ളികളിലും സി സി ടി വി ക്യാമറകള്‍ വെയ്ക്കാന്‍ സാധിക്കുമോ എന്നറിയില്ല. പക്ഷേ, ഇപ്പോള്‍ ഓരോ പള്ളികളിലായി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് മുന്നോട്ടു വരികയാണ്.
കൂടാതെ, പള്ളികളുടെ മാത്രം സുരക്ഷ ഉറപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. സഭയുടെ മറ്റു സ്ഥാപനങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കും എന്തു സുരക്ഷയാണ് ഉള്ളതെന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഒരു കോണ്‍വെന്റിനു നേരെ ആക്രമണം ഉണ്ടായി. കോണ്‍വെന്റ് നടത്തുന്ന അനാഥമന്ദിരത്തിനു നേരെ ആയിരുന്നു ആക്രമണം. രാത്രിയില്‍ ഒരു വിഭാഗം ആളുകള്‍ എത്തി കന്യാസ്ത്രീകളെ അറ്റാക്ക് ചെയ്യുകയായിരുന്നു. പുറംലോകം ഇക്കാര്യം അറിഞ്ഞില്ല. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കാണുമ്പോള്‍ ഇതെല്ലാം അതിന്റെ തുടര്‍ച്ചയാണെന്ന് തോന്നുന്നു.
ചോദ്യം: അക്രമികളോട് സഭയുടെ നിലപാട് എന്താണ് ? സഭയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കും?
ഉത്തരം: ശത്രുക്കളോട് ക്ഷമിക്കുക എന്നാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. അത് പിന്തുടരുന്ന നിലപാടാണ് സഭയുടേതും. അതുകൊണ്ടു തന്നെ തെറ്റു ചെയ്തവരോട് ഹൃദയപൂര്‍വം ക്ഷമിക്കുന്നു. എന്നാല്‍, കുറ്റക്കാരെ സമൂഹത്തിനു മുമ്പില്‍ കൊണ്ടുവരണം എന്ന നിലപാടില്‍ മാറ്റമില്ല. കുറ്റക്കാരെ ശിക്ഷിക്കണം. ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്. ഇവിടെ ജീവിക്കാന്‍ എല്ലാവര്ക്കും അധികാരമുണ്ട്. പലപ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കുകയാണെന്ന് തോന്നുന്നുണ്ട്. മിക്ക കാര്യങ്ങളിലും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്.
സര്‍ക്കാര്‍ എത്തിച്ചേരാത്ത പലയിടങ്ങളിലും സഭ മിഷണറി പ്രവര്‍ത്തനം നടത്തുന്നുണ്ട്. മിഷണറി പ്രവര്‍ത്തനം നടത്തി വികസിച്ച സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ പിന്നീട് എത്തുന്നത്. എന്തൊക്കെ അക്രമങ്ങള്‍ സഭയ്ക്ക് നേരെ ഉണ്ടായാലും ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.