തന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രാം ലഖാന്റെ മകന്റെ വിവാഹത്തിനെത്തുമെന്ന് ഉറപ്പുനല്‍കിയ ബോളിവുഡ് താരം അമീര്ഖാന് വാക്കുപാലിച്ചു. വാരാണസിയില്‍ ആമിറിനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് വിവാഹവേദി തകരുകയും ചെയ്തു. ഒപ്പം ആമിറും താഴെവീണു. എന്നാല്‍ അദ്ദേഹം പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടു.
രാത്രി ഒമ്പതരയോടെയാണു വാരാണസിയിലെ മെഹ് മര്ഗന്ജിലുള്ള ചൌരസ്യ വിവാഹമണ്ഡപത്തില്‍ താരം എത്തിയത്. പറഞ്ഞതില്‍ അല്പം വൈകിയാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു. അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടെ താരത്തെ ഒരുനോക്കു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയപ്പോഴാണ് വിവാദവേദി തകര്‍ന്നത്.
റിക്ഷാ ഡ്രൈവറായ രാം ലഖാനെ ആമിര്‍ പരിചയപ്പെട്ടത് രണ്ടര വര്‍ഷം മുമ്പാണ്. ‘3 ഇഡിയറ്റ്സ്‘ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ആമിര്‍ രാജ്യവ്യാപക പര്യടനം നടത്തിയിരുന്നു. അംഗരക്ഷകരൊന്നുമില്ലാതെ ആമിര്‍ വേഷം മാറി നടന്ന വേളയില്‍ വാരാണസിയില്‍ വച്ചായിരുന്നു ലഖാനെ കണ്ടുമുട്ടിയത്. മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും താരവും റിക്ഷാ ഡ്രൈവറും തമ്മിലുള്ള സൌഹൃദം ദൃഢമായി. അങ്ങനെയാണ് തന്റെ മകന്റെ വിവാഹത്തിന് ആമിറിനെ ക്ഷണിക്കാനായി ലഖാന് മുംബൈയിലെത്തിയത്.