വിവാദമുണ്ടാകുമെന്ന് വികെ സിംഗിന് അറിയാമായിരുന്നു?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സേനയുടെ രണ്ടു യൂണിറ്റുകള്‍ ജനുവരിയില്‍ നടത്തിയ പരിശീലന മാര്‍ച്ച് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന് കരസേനാമേധാവി ജനറല്‍ വി കെ സിംഗിന് അറിയാ‍മായിരുന്നു എന്ന് സൂചന. അത് പരിശീലന മാര്‍ച്ച് അല്ലെന്നും സൈന്യം മറ്റെന്തോ ലക്‍ഷ്യമിട്ട് നടത്തിയ നീക്കമാണെന്നും കാണിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടും എന്ന് സിംഗിന് ധാരണയുണ്ടായിരുന്നു എന്നാണ് അദ്ദേഹം ‘ദ് വീക്ക്‘ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാകുന്നത്. മാര്‍ച്ച് 13-നാണ് അദ്ദേഹം അഭിമുഖം നല്‍കിയത്.

ഇങ്ങനെ ദുഷ്ടലാക്കോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആളുകള്‍ ധാരാളമുണ്ടെന്നും വി കെ സിംഗ് പറയുന്നു. നല്ല കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നത്തെ കാലത്ത് മാധ്യമങ്ങള്‍ക്ക് വേണ്ട. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളെ നേരിട്ടു സമീപിച്ച് അത് തീര്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ അവരതു ചെയ്യാറില്ല, സിംഗ് പറയുന്നു.

സേനയുടെ അകത്തും പുറത്തുമുള്ള പലരും അവരുടെ പക തീര്‍ക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ പുറത്തുനല്‍കും. അത് ഒന്നാം പേജില്‍ തന്നെ അച്ചടിച്ചു വരും. അത് തെറ്റോ ശരിയോ എന്നറിയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ലെന്നും സിംഗ് അഭിപ്രായപ്പെട്ടു.

ജനുവരി 16-നു ഹരിയാനയിലെ ഹിസാര്‍, ആഗ്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ടു കരസേനാ യൂണിറ്റുകള്‍ ഡല്‍ഹി ലക്‍ഷ്യമാക്കി നീങ്ങി എന്നായിരുന്നു ദി ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട വാര്‍ത്ത. പട്ടാള അട്ടിമറിക്കുള്ള ശ്രമമാണ് നടന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

English Summary: Did VK Singh smell mischief regarding exercise last month?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :