ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ബുധന്‍, 29 ജൂണ്‍ 2016 (08:57 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സിംഹമായിരുന്ന മോദി തെരഞ്ഞെടുപ്പിന് ശേഷം സട കൊഴിഞ്ഞ സിംഹമായി മാറിയെന്ന് കോണ്‍ഗ്രസ്. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്ന ദുര്‍ബലനായ ഒരു വ്യക്തിയുടെ ശബ്ദമാണ് കഴിഞ്ഞ ദിവസം മോദി നല്കിയ അഭിമുഖത്തില്‍ കേട്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ആരോപിച്ചു.
സന്ദേഹിയായ ഒരു പ്രധാനമന്ത്രിയെയാണ് അഭിമുഖത്തില്‍ കാണാന്‍ കഴിഞ്ഞത്. ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി മോദിയില്‍ നിന്നും ഉണ്ടായില്ല. ഇത് സൂചിപ്പിക്കുന്നത് എല്ലാ മേഖലകളിലും ഈ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നാണ് കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. താങ്ങുവില വര്‍ധിപ്പിക്കാത്തതും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാത്തതും കര്‍ഷകരെ വളരെയേറെ വലയ്ക്കുന്നുണ്ട്. ആസാദ് ആരോപിച്ചു.
പാക്കിസ്ഥാനുമായി സ്ഥാപിക്കാന്‍ ശ്രമിച്ച യുക്തിസഹമല്ലാത്ത ബന്ധത്തിന്റെ ഫലം തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും അതിര്‍ത്തി ലംഘനങ്ങളുമാണെന്നും ആസാദ് വ്യക്തമാക്കി. മതവികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുന്നതു രാജ്യത്തിന് ആപത്താണ്. കള്ളപ്പണത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തെ ജനങ്ങളുടെ ചോദ്യമായല്ല, പ്രതിപക്ഷത്തെ മഥിക്കുന്ന ചോദ്യമായാണു പ്രധാനമന്ത്രി കണ്ടതെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
എന്തുകാരണം കൊണ്ടായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ രഘുറാം രാജന് തുടരാതിരുന്നതെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നല്കിയ ഉത്തരമായിരുന്നു ഏറ്റവും രസകരമായത്. രഘുറാം രാജന് വലിയ ദേശസ്നേഹിയാണെന്ന ഉത്തരമായിരുന്നു മോദി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. 14,000 തസ്തികകളിലേക്ക് ഒന്‍പതുലക്ഷം പേര് അപേക്ഷിച്ചതില്‍ ഭൂരിഭാഗം പേരും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും എന്‍ജിനീയര്‍മാരും പിഎച്ച്ഡിക്കാരുമായതു തൊഴില്‍മേഖലയിലെ ഈ സര്‍ക്കാരിന്റെ പരാജയമാണെന്നും ഗുലാം നബി കുറ്റപ്പെടുത്തി.