യദ്യൂ‍രപ്പ ഭൂമി തട്ടിപ്പ് ആരോപണത്തില്‍

ബാംഗ്ലൂര്‍| WEBDUNIA| Last Modified ബുധന്‍, 17 നവം‌ബര്‍ 2010 (15:50 IST)
കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി ജനതാദള്‍ - എസ് നേതാവ് എച്ച് ഡി ദേവഗൌഡ രംഗത്ത്. ബാംഗ്ലൂര്‍ വികസന അതോറിറ്റിയുടെ അധ്യക്ഷ സ്ഥാനം ദുരുപയോഗം ചെയ്ത മക്കള്‍ക്ക് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നാണ് ആരോപണം.

ഐടി പാര്‍ക്കിനു വേണ്ടി വാങ്ങിയ ഭൂമി യദ്യൂരപ്പ മക്കള്‍ക്ക് പതിച്ചു നല്‍കിയതിന് രേഖാമൂലം തെളിവുനല്‍കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി ബാംഗ്ലൂരില്‍ ബുധനാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. പല അലോട്ട്‌മെന്റുകളും റദ്ദാക്കുകയും അവ പിന്നീട് കുടുംബാംഗങ്ങള്‍ക്ക് അലോട്ട്‌ചെയ്യുകയുമാണ് യദ്യൂരപ്പ ചെയ്യുന്നത് എന്നും കുമാരസ്വാമി പറഞ്ഞു.

യദ്യൂരപ്പയ്ക്ക് എതിരെയുള്ള അഴിമതി ആരോപണത്തില്‍ കഴമ്പില്ല എന്ന് ബിജെപി തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടാന്‍ ഒരുക്കമാണെന്ന് വെല്ലുവിളിക്കാനും കുമാരസ്വാമി മുതിര്‍ന്നു.

സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത യദ്യൂരപ്പ കര്‍ണാടകയിലെ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല എന്നും രാജിവച്ചൊഴിയണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് യദ്യൂരപ്പ പറഞ്ഞു. ആരോപണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ബിജെപി നേതാവ് പറഞ്ഞു.

വിമത എം‌എല്‍‌എമാര്‍ പിന്തുണ പിന്‍‌വലിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു. ഇപ്പോള്‍ ഭൂമി തട്ടിപ്പു വിവാദം കൂടി ചര്‍ച്ചാ വിഷയമാവുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ മങ്ങലേറ്റേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :