മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ സുരക്ഷാ പാളിച്ചയുടെ പേരില്‍ ആടിയുലഞ്ഞ മഹാരാഷ്ട്ര സര്‍ക്കാരിന് ഭൂമി തട്ടിപ്പ് കേസുകളാണ് ഇപ്പോള്‍ വിനയാവുന്നത്. ഫ്ലാറ്റ് അഴിമതി ആരോപണത്തില്‍ പെട്ട മുഖ്യമന്ത്രി അശോക് ചവാനു പിന്നാലെ റവന്യൂ മന്ത്രി നാരായണ്‍ റാണെയുടെ പേരില്‍ ഭൂമി തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതും സര്‍ക്കാരിന് തിരിച്ചടിയാവുന്നു.
ശ്രീക്ഷേത്ര മഹാബലേശ്വര്‍ ദേവസ്ഥാന്‍ ട്രസ്റ്റാണ് റാണെയ്ക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലം റാണെയുടെ ഭാര്യ നീലിമ റാണെയുടെ പേരില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്തു എന്നതാണ് പരാതി.
ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സംഭാവന ലഭിച്ച സ്ഥലമല്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മൂന്നാമത് ഒരാള്‍ക്ക് വിറ്റു എന്ന വ്യാജ രേഖകള്‍ തയ്യാറാക്കുകയും അത് പിന്നീട് നീലിമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ശിവജിയുടെ കാലത്ത് ഒരു പ്രാദേശിക ഭരണാധികാരി സംഭാവന ചെയ്ത സ്ഥലമാണ് റാണെ കൈക്കലാക്കിയതെന്നും അതിനാല്‍ വില്‍പ്പന റദ്ദാക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെടുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ വിധവകള്‍ക്ക് നല്‍കുന്നതിനായി നിര്‍മ്മിച്ച ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി ഫ്ലാറ്റുകള്‍ അനധികൃതമായി സ്വന്തക്കാര്‍ക്ക് അനുവദിച്ചു എന്ന ആരോപണമാണ് മുഖ്യമന്ത്രി അശോക് ചവാന്‍ നേരിടുന്നത്. അഴിമതിയില്‍ ചവാന്റെ പങ്ക് തെളിഞ്ഞാല്‍ രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.