മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ ലാഭം 900 കോടി!

തിരുവനന്തപുരം| Last Modified ശനി, 10 മെയ് 2014 (11:54 IST)
മുല്ലപ്പെരിയാര്‍ ഒരു ഖനിയാണ് തമിഴ്നാ‍ടിന്. പണം കൊയ്യാനുള്ള അക്ഷയഖനി. അതുകൊണ്ടാണ് പണം വാരിയെറിഞ്ഞ് അവര്‍ കേസ് വിജയിച്ചത്. കണക്കുകള്‍പ്രകാരം അണക്കെട്ടില്‍നിന്ന് ഒരു വര്‍ഷം കൊണ്ടുപോകുന്ന വെള്ളമുപയോഗിച്ച് തമിഴ്നാട് കൊയ്യുന്നത് 900 കോടി രൂപയുടെ ലാഭം‍. എന്നാല്‍ പാട്ടവാടകയിനത്തിലും വൈദ്യുതി ഉത്പാദനത്തിന്റെ റോയല്‍റ്റി ഇനത്തിലുമായി കേരളത്തിന് നല്‍കുന്നതാകട്ടെ,​ വെറും പത്ത് ലക്ഷം രൂപ മാത്രം.

22 ടിഎംസി (22,000 ദശലക്ഷം ഘനയടി) വെള്ളമാണ് ഒരു വര്‍ഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇതുപയോഗിച്ച് 140 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ ക്യാമ്പ് പവര്‍ഹൗസില്‍ നിന്ന് 500 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അവര്‍ ഉത്പാദിപ്പിക്കുന്നത്. കേരളത്തിലെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പുറത്ത് നിന്ന് വാങ്ങേണ്ടിവരുന്ന വൈദ്യുതിക്ക്
യൂണിറ്റിന് ശരാശരി 10 രൂപ കെഎസ്ഇബി ലിമിറ്റഡ് നല്‍കേണ്ടി വരുമ്പോഴാണ്
പൂര്‍ണമായും കേരളത്തിലൂടെ ഒഴുകുന്ന പെരിയാറിലെ വെള്ളമുപയോഗിച്ച് തമിഴ്നാട് 500 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

പുറമേ ഇതേ വെള്ളമുപയോഗിച്ച് തേനി, ശിവഗംഗ, വിരുതുനഗര്‍, രാമനാഥപുരം ജില്ലകളിലായി 2.08 ലക്ഷം ഏക്കറില്‍ കൃഷി നടത്തുന്നുമുണ്ട്. കൃഷിയില്‍ നിന്നുള്ള വരുമാനം മാത്രം
400 കോടിയോളം രൂപ വരും. മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ അനുസരിച്ച് ഏക്കറിന് 30 രൂപ വച്ച് 8000 ഏക്കര്‍ ഭൂമിക്ക് നല്‍കുന്ന പാട്ടത്തുക നിലവില്‍ രണ്ടര ലക്ഷം രൂപയാണ്. ഓരോ 30 വര്‍ഷം കൂടുമ്പോഴും പാട്ടത്തുക പുതുക്കി നിശ്ചയിക്കണമെന്ന് 1970ല്‍ ഇരുസര്‍ക്കാരുകളും തമ്മില്‍ ഒപ്പുവച്ച അനുബന്ധ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് പുതുക്കിയിട്ടില്ല. 2000ല്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയപ്പോള്‍ തത്കാലം പാട്ടത്തുക പുതുക്കേണ്ടെന്ന നിയമോപദേശം കേരളത്തിന് കിട്ടി. കാലാവധി കഴിഞ്ഞ് 14 വര്‍ഷമായിട്ടും പുതുക്കാത്ത പാട്ടത്തുകയാണ് ഇപ്പോഴും കേരളം വാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :